ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി കുവൈറ്റികള്‍ക്കായി പരിമിതപ്പെടുത്തണം: കമാല്‍ അല്‍ റായ് എംപി
Wednesday, March 19, 2014 5:28 AM IST
കുവൈറ്റ്: വിദേശികള്‍ക്ക് ഒരു കാര്‍ എന്ന നിര്‍ദ്ദേശവുമായി കുവൈറ്റ് പാര്‍ലിമെന്റ് അംഗം കമാല്‍ അല്‍ റായ് വീണ്ടും രംഗത്ത് വന്നു. വര്‍ധിച്ചുവരുന്ന രാജ്യത്തെ ഗതാഗത കുരുക്കഴിക്കുവാന്‍ വിദേശികള്‍ക്ക് ഒരു കാറിന്റെ ഉടമസ്ഥവകാശം മാത്രമായി പരിമിതപ്പെടുത്തുക, സ്വദേശികള്‍ക്ക് ഒന്നില്‍ കൂടുതല്‍ കാറുകളുണ്െടങ്കില്‍ അധികമുള്ള ഓരോ കാറിനും പ്രത്യേകമായ ഫീസുകള്‍ ചുമത്തുക, വാഹന ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി സ്വദേശികള്‍ക്ക് മാത്രമായി ചുരുക്കുക, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാറുകളുടെ ലൈസന്‍സ് നല്‍കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്.

രാജ്യത്ത് നിലവിലുള്ള ടാക്സികളിലും കാലോചിതമായ മാറ്റങ്ങള്‍ക്ക് സമയമായതായി അല്‍ റായ് പറഞ്ഞു. ടാക്സികള്‍ രണ്ട് കമ്പനികളാക്കി മാറ്റണം. പ്രധാന റോഡുകളില്‍ പ്രവേശിക്കാതെ സര്‍വീസ് നടത്തുന്ന റോമിംഗ് ടാക്സിയെന്ന സംവിധാനവും രാജ്യത്ത് നടപ്പിലാക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കുവൈറ്റി സമൂഹത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നതെന്ന് കമാല്‍ അല്‍ റായ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍