ഫോക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോണ്‍ പി. ജോണിനെ ടൊറന്റോ മലയാളി സമാജം നിര്‍ദ്ദേശിച്ചു
Wednesday, March 19, 2014 5:25 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോ മലയാളി സമാജം ജനറല്‍ബോഡി യോഗം 2016ല്‍ നടക്കുവാന്‍ പോകുന്ന ഫോക്കാനയുടെ ദേശീയ കണ്‍വന്‍ഷന് ടൊറന്റോ വേദിയാക്കണമെന്ന് തീരുമാനിക്കുകയും അതിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോണ്‍ പി. ജോണിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു.

1968 ല്‍ കേവലം 20 അംഗങ്ങളുമായി ആരംഭിച്ച ടൊറന്റോ മലയാളി സമാജം ഇന്ന് 500 ല്‍പരം അംഗങ്ങളും സ്വന്തമായി രണ്ടു ബില്‍ഡിംഗുകളും ഉള്ള വലിയ സംഘടനയായി വളര്‍ന്നു.

2009 മുതല്‍ കാനഡയിലെ അഞ്ചു മലയാളി അസോസിയേഷനുകള്‍ ചേര്‍ന്ന് കേരളപിറവി ആഘോഷം അമുചിതമായി ആഘോഷിക്കുവാന്‍ സാധിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോണ്‍ പി. ജോണ്‍ ടൊറന്റോ മലയാളി സമാജം പ്രസിഡന്റ്, സെക്രട്ടറി, ഫൊക്കാനാ ട്രസ്ടീ ബോര്‍ഡ് അംഗം, ഫൊക്കാന വൈസ് ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ പദവികളില്‍ അനേകവര്‍ഷം വിജയകരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്. സത്യസന്ധമായ പ്രവര്‍ത്തനശൈലിയിലൂടെ കാനഡയിലും മറ്റ് അമേരിക്കന്‍ മലയാളി സംഘടനകളിലും പ്രിയങ്കരനായി മാറിയ ജോണ്‍ പി. ജോണ്‍ ഫോക്കനയെ നയിക്കുവാന്‍ കഴിവുള്ളതും ശക്തനുമായ സംഘടനാ പ്രവര്‍ത്തകനുമാണെന്ന് ടൊറന്റോ മലയാളി സമാജം പ്രവര്‍ത്തകര്‍ പറഞ്ഞു.

കാനഡയിലും അമേരിക്കയുടെ നാനാഭാഗത്തുമുള്ള ഭൂരിപക്ഷം സംഘടനകളും തനിക്ക് പരിപൂര്‍ണപിന്തുണ നല്‍കുന്നുണ്െടന്ന് ജോണ്‍ പി. ജോണ്‍ അറിയിച്ചു. ഫോക്കന കഴിഞ്ഞ കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും അത് ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശ്രമിക്കുമെന്നും പ്രസ്താവിച്ചു.

2014 ജൂലൈയില്‍ മൂന്നു മുതല്‍ ആറു വരെ ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുകയാണ് തന്റെ ആദ്യലക്ഷ്യമെന്നും അതിന് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. കാനഡയിലുള്ള അഞ്ചു മലയാളി സംഘടനകളും ജോണ്‍ പി. ജോണിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തങ്ങുന്നതായി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം