റിയാദില്‍ കാണാതായ മുക്കം സ്വദേശി നാടുകടത്തല്‍ കേന്ദ്രത്തില്‍
Tuesday, March 18, 2014 8:07 AM IST
റിയാദ്: ഫെബ്രവരി 27 മുതല്‍ റിയാദില്‍ നിന്നും കാണാതായ കോഴിക്കോട് ജില്ലയിലെ മുക്കം കാരശേരി സ്വദേശി ചക്കിങ്ങല്‍ സലീമിനെ (25) റിയാദ് ഷുമൈസിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കണ്െടത്തിയതായി സാമൂഹ്യ പ്രവര്‍ത്തകരായ ഷിബു പത്തനാപുരം, ബഷീര്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ അജ്ഞാതനായ ഇന്ത്യക്കാരന്‍ എന്ന നിലയിലാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള സലീം കഴിയുന്നത്. ഊരും പേരും കൃത്യമായി പറയാതിരുന്ന സലീമിനെക്കുറിച്ച് അധികാരികള്‍ സാമൂഹ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വാര്‍ത്ത ഷിബു പത്തനാപുരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചപ്പോഴാണ് കുറച്ച് ദിവസം മുന്‍പ് കാണാതായ കോഴിക്കോട് സ്വദേശി സലീമാണ് ഇദ്ദേഹമെന്ന് തിരിച്ചറിയുന്നത്. സലീമിന്റെ നാട്ടുകാര്‍ മുക്കം സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകരുമായി ചേര്‍ന്ന് ദിവസങ്ങളായി ഇദ്ദേഹത്തെ തേടി നടക്കുകയായിരുന്നു. സലീമിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്നു വര്‍ഷം മുന്‍പ് റിയാദിലെത്തിയ സലീം നസീമിലെ ഒരു കടയില്‍ ജോലി നോക്കി വരികയായിരുന്നു. ബന്ധുവില്‍ നിന്നും വാങ്ങിയ വീസയിലാണ് സലീം റിയാദിലെത്തിയത്. അവിവാഹിതനായ സലീം നാട്ടില്‍ പോകുന്നതിനായി സ്പോണ്‍സറില്‍ നിന്നും റീ എന്‍ട്രി അടിപ്പിച്ചിരുന്നു. എന്നാല്‍ ഏജന്റായ ബന്ധുവും സ്പോണ്‍സറും തമ്മിലുള്ള പ്രശ്നം കാരണം അദ്ദേഹം പാസ്പോര്‍ട്ട് സലീമിന് വിട്ടു നല്‍കിയില്ല. ഇതാണ് സലീമിനെ മാനസികമായി അലട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ പോകാന്‍ കഴിയാത്ത വിഷമംമൂലം റൂം വിട്ടിറങ്ങി റോഡിലലയുന്നതിനിടയിലാകാം സലീം പോലീസ് പിടിയിലായതെന്ന് കരുതുന്നു. സലീമിന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുപോയെന്നാണ് സ്പോണ്‍സര്‍ പറയുന്നതെന്നറിയുന്നു. സലീമിന്റെ നാട്ടുകാരുടെ കൈയിലുള്ള ഇഖാമയും പാസ്പോര്‍ട്ടിന്റെ കോപ്പിയും ഇന്ത്യന്‍ എംബസില്‍ ഹാജരാക്കാനും ഉടനെ ഇസി എടുത്ത് എക്സിറ്റ് അടിച്ച് നാട്ടിലയയ്ക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ പാണക്കാട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍