കുവൈറ്റ് വീസ നിയമത്തില്‍ സമൂലമായ മാറ്റം വരുന്നതായി സൂചന
Tuesday, March 18, 2014 8:06 AM IST
കുവൈറ്റ്: വിദേശികള്‍ക്ക് വീസാ നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് സാമുഹ്യക്ഷേമം, തൊഴില്‍ മന്ത്രാലയങ്ങള്‍ വ്യക്തമാക്കയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യവസ്ഥകള്‍ക്ക് അനുസൃതമായി തൊഴിലാളി മേഖലയിലെ ആവശ്യമനുസരിച്ച് വിവധ വിഭാഗങ്ങളിലേക്കാണ് വീസ പുനരാരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമ പ്രകാരം അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിജ്ഞാനവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടൊപ്പം തന്നെ അപേക്ഷരുടെ രാജ്യത്തുനിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടെ ക്രിമിനലല്ലെന്ന് തെളിയിക്കുന്ന രേഖയും ലഭ്യമാക്കേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പ്രഫഷണല്‍ ഡിഗ്രിയുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വിസിറ്റിംഗ് വീസയില്‍ നിന്നും തൊഴില്‍ വീസയിലേക്ക് മാറാവുന്നതാണ്. വാണിജ്യ വീസ തൊഴില്‍ വീസയിലേക്ക് മാറ്റുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. പുതിയ നിയമ പ്രകാരം രാജ്യത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കോ നിക്ഷേപകര്‍ക്കൊ മാത്രമേ വാണിജ്യ വീസയില്‍ നിന്നും തൊഴില്‍ വീസയിലേക്ക് മാറ്റുവാന്‍ സാധിക്കുകയുള്ളവെന്ന് പത്രം കൂട്ടിച്ചേര്‍ത്തു.

വീസ നിബന്ധനകളിലെ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ വരുത്തിയെങ്കിലും കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും തയാറാകണം. വീഴ്ചകള്‍ വരുത്തുന്ന കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതോടപ്പംതന്നെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് അവരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തൊഴില്‍ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന രാജ്യത്തെ റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കുമാത്രമേ തൊഴില്‍ വീസകള്‍ അനുവദിക്കുകയുള്ളൂ. മാത്രമല്ല അത്തരം കമ്പനികളുടെ ഫയലുകള്‍ പരാതിരഹിതമായിരിക്കണം. ബാങ്കുകളില്‍കൂടി തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യുക, വിദേശി സ്വദേശി അനുപാതം പാലിക്കുക തുടങ്ങിയ നിബന്ധനകളും പാലിക്കണം. താത്കാലികമായി 90 ദിവസത്തെ വീസ ഇഷ്യൂ ചെയ്തതിനുശേഷം ജോലിയിലെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വര്‍ക്ക് വീസ ഇഷ്യൂ ചെയ്യുകയുള്ളൂവെന്ന കര്‍ശനമായ നിബന്ധനകള്‍ പുതിയ നിയമത്തിലുള്ളതായി അറിയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍