കെകെഎംഎ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമായി
Tuesday, March 18, 2014 5:59 AM IST
കുവൈറ്റ്: ലോക വൃക്ക ദിനത്തോടനുബന്ധിച്ചു കെകെഎംഎ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് സംയുക്തമായി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ സ്ക്രീനിംഗ് ക്യാമ്പ് ആയിരത്തില്‍ പരം സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി.

ഭാഷ പരിജ്ഞാനത്തിന്റെയും സൌകര്യത്തിന്റെയും അഭാവത്തില്‍ ആശുപത്രികളില്‍ പോയി രോഗ പരിശോധന നടത്താന്‍ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികള്‍ക്കാണ് തങ്ങളുടെ രോഗ വിവരം തങ്ങള്‍ക്കു അറിയുന്ന ഭാഷയില്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും സാധിച്ചത്.

കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന്‍, ദസ്മാന്‍ ഡയബറ്റിക്സ് സെന്റര്‍, ഇന്ത്യന്‍ ഒപ്തോമെടിക്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ്, സൌദി കുവൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണം ക്യാമ്പില്‍ വിപുലമായ സൌകര്യം ഒരുക്കുന്നതിന് സഹായകമായി. നാല്‍പ്പതോളം ഡോക്ടര്‍മാരും നൂറില്‍പരം പാരാ മെഡിക്കല്‍ സ്റാഫും പങ്കെടുത്ത ക്യാമ്പില്‍ മരുന്നുകളും സൌജന്യമായി വിതരണം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും ബിഎംഐ, രക്ത സമ്മര്‍ധം, രക്ത പരിശോധന എന്നിവ നടത്തുന്നതിനുള്ള ബൃഹത്തായ സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയത്. ഡോക്ടര്മാരുടെ നിര്‍ദേശാനുസരണം, നിരവധി രോഗികള്‍ക്ക് കൊളസ്ട്രോള്‍, ഇസിജി, അല്‍ട്രാ സൌണ്ട് സ്കാനിംഗ് പരിശോധനക്കുള്ള അവസരവും ഒരുക്കിയിരുന്നു.

രാവിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഡോ. ശങ്കര്‍, ഡോ. വിനോദ് ഗ്രോവര്‍, എന്‍.എ. മുനീര്‍, എ.പി അബ്ദുള്‍ സലാം, ഹംസ മുസ്തഫ, എന്നിവര്‍ ചടങ്ങിനു ആശംസകള്‍ നേര്‍ന്നു. ഐഡിഎക്കുള്ള മൊമെന്റോ സഗീര്‍ തൃക്കരിപ്പൂര്‍ സമ്മാനിച്ചു. ഒ.പി. ഷറഫുദ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ സ്വാഗതവും, സി. ഫിറോസ് നന്ദിയും പറഞ്ഞു. എസ്.എം ബഷീര്‍ പരിപാടി നിയന്ത്രിച്ചു.

രാവിലെ 7.30 നു ആരംഭിച്ച ക്യാമ്പ് ഉച്ചകഴിഞ്ഞ് മൂന്നു വരെ നീണ്ടു നിന്നു. ക്യാമ്പ് ഒരുക്കങ്ങള്‍ക്ക് ബി.എം. ഇഖ്ബാല്‍, എ.പി അബ്ദുള്‍ സലാം, സി. ഫിറോസ്, ഹമീദ് മുല്‍ക്കി, കെ.സി. കരീം, ഷഹീദ് ലബ്ബ, ടി.വി നാസര്‍, മജീദ് റവാബി, വി. കെ അബ്ദുള്‍ ഗഫൂര്‍, മുസ്തഫ മാസ്റര്‍, യുസുഫ് നൂഞ്ഞേരി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍