കുവൈറ്റില്‍ സ്വദേശി യുവതി കുത്തേറ്റു മരിച്ചു
Tuesday, March 18, 2014 5:57 AM IST
കുവൈറ്റ്: സ്വദേശി യുവതി കുത്തേറ്റു മരിച്ചു. 19 കാരിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 22 കാരിയായ എത്യോപ്യന്‍ വംശജയെ അറസ്റ് ചെയ്തു.

സുലൈബിക്കാത്തില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എത്യോപ്യന്‍ സ്വദേശി റാബിയ. അത്യാഹിത വിഭാഗത്തിന് ലഭിച്ച എമര്‍ജന്‍സി ഫോണിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ പോലീസിന് അടച്ചുപൂട്ടിയ നിലയിലായിരുന്ന വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടന്ന യുവതിയെ കണ്െടത്തുകയായിരുന്നു. ഉടന്‍തന്നെ മുബാറക്ക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. നെഞ്ചിലും ഉദരത്തിലും ഏറ്റ മാരകമായ മുറിവുകള്‍ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുവൈറ്റി നാഷണല്‍ ഫുട്ബോള്‍ ടീമിലെ ഡിഫന്‍ഡര്‍ ഹൌമുദ് ഫത്ത്യാഹ് അല്‍ഷെമ്മാരിയുടെ മകളാണ് കൊല്ലപ്പെട്ട സെഹാം.

അതിനിടെ സംഭവത്തില്‍ പ്രതിയായ എത്യോപ്യന്‍ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞ കുറച്ചു കാലമായി ഇവര്‍ തമ്മിലുള്ള വഴക്കുകള്‍ നടന്നുവരികയായിരുന്നു. സംഭവദിവസം റൂമില്‍ കിടന്നുറങ്ങുകയായിരുന്ന സിഹാമിന്റെ ദേഹത്തേയ്ക്ക് പലതവണ മൂര്‍ച്ചയുള്ള കഠാരി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. അതിനുശേഷം ആരും കാണാതെ വീട് പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് എത്യോപ്യന്‍ യുവതി പോലീസിനോട് വെളിപ്പെടുത്തി.

40,000 എത്യോപ്യന്‍ സ്വദേശികളാണ് കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്നത്. ഇതുപോലെയുള്ള സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നത് അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് കുടിയേറ്റ വകുപ്പ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി എത്യോപ്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നത് കുവൈറ്റ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍