സമ്പന്നയായ യാചകി മരിച്ചു; അവകാശികളില്ലാതെ കോടികള്‍
Tuesday, March 18, 2014 5:53 AM IST
ജിദ്ദ: വന്‍തുകയുടെ ആസ്ഥിയുണ്ടായിരുന്ന സമ്പന്നയായ യാചകി മരിച്ചു. കോടിക്കണക്കിന് റിയാലിന്റെ സ്വത്തുകള്‍ അവകാശികളില്ലാതെ അനിശ്ചിതത്വത്തില്‍.

ജിദ്ദയിലെ അല്‍ ബലദ് പ്രദേശത്ത് ജീവിച്ചിരുന്ന യാചകിയാണ് മരിച്ചത്. വഴിയരികില്‍ യാത്രക്കാരുടെ മുമ്പില്‍ കൈ നീട്ടി യാചിച്ച് സമ്പാദിച്ച കോടികള്‍ വിലമതിക്കുന്ന വിവിധ ആസ്ഥികള്‍ ഇവരുടെ പേരിലുള്ളതായി അധികൃതര്‍ വെളിപ്പെടുത്തി.

മുപ്പത് ലക്ഷം റിയാല്‍ കറന്‍സിയും 10 ലക്ഷം റിയാല്‍ വില വരുന്ന സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും മരണപ്പെട്ട യാചകിയുടെ സമ്പാദ്യത്തിലുണ്ട്. ഇതിനെല്ലാം പുറമെ അവര്‍ യാചന നടത്തി ജീവിച്ചിരുന്ന പ്രദേശമായ അല്‍ ബലദില്‍ ഇവരുടെ പേരില്‍ നാല് കെട്ടിടങ്ങളും നൂറിനടുത്ത് വയസ് പ്രായമുണ്ടായിരുന്നു ഈ യാചകിക്ക് ഉള്ളതായി അയല്‍വാസികളിലൊരാള്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ അമ്പത് വര്‍ഷമായി ഇവര്‍ യാചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വൃദ്ധക്ക് ആവശ്യമായ സഹായങ്ങളൊക്കെ ചെയ്തിരുന്നത് അയല്‍ക്കാരിലൊരാളായിരുന്നു. യാചനയിലൂടെ ലഭിക്കുന്ന പണം ഒരു ഭാഗം റിയാലായി തന്നെ സൂക്ഷിക്കുകയും മറ്റൊരു ഭാഗം ഉപയോഗിച്ച് സ്വര്‍ണനാണയങ്ങള്‍ വാങ്ങി സൂക്ഷിക്കുകയുമായിരുന്നു പതിവ്.

സ്വര്‍ണം വാങ്ങി ഇവര്‍ക്ക് നല്‍കിയിരുന്നതും ഈ അയല്‍ക്കാരനായിരുന്നു. മരണ ശേഷം തന്റെ സമ്പാദ്യം ഹുകൂമത്ത് അധികാരികള്‍ക്ക് കൈമാറണമെന്ന് ഇയാളോട് ഈ സ്ത്രീ വസ്വിയ്യത്ത് ചെയ്ത അടിസ്ഥാനത്തില്‍ സ്ത്രീയുടെ മരണശേഷം ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍