ഫാ. ജോയി ആലപ്പാട്ട് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ്
Tuesday, March 18, 2014 5:23 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ വാര്‍ഷിക പൊതുയോഗം, പ്രസിഡന്റ് റവ. ഷാജി തോമസിന്റെ അധ്യക്ഷതയില്‍ ഇവാന്‍സ്റണിലുള്ള സീറോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം ജനറല്‍ സെക്രട്ടറി ജോസ് വര്‍ഗീസ് പൂന്തല വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ രഞ്ചന്‍ ഏബ്രഹാം വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന് 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ രക്ഷാധികാരി.

റവ.ഫാ. ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ മാത്യു വള്ളിയില്‍ (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), റവ ജോര്‍ജ് ചെറിയാന്‍ (യൂത്ത് മിനിസ്ട്രി), ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യു, മേഴ്സി മാത്യു കളരിക്കമുറിയില്‍ (വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ്), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ഓഡിറ്റര്‍), ജെംസണ്‍ മത്തായി (വെബ്സൈറ്റ്), ജോയിച്ചന്‍ പുതുക്കുളം (പബ്ളിസിറ്റി), രമ്യാ രാജന്‍, ജിന്‍സി ഫിലിപ്പ് (യൂത്ത് ഫോറം കണ്‍വീനേഴ്സ്) എന്നിവരാണ് പുതിയ ഭരണസമിതയംഗങ്ങള്‍.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്സ്, സി.എസ്.ഐ തുടങ്ങിയ എപ്പിസ്കോപ്പല്‍ സഭാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍.

കാല്‍നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍, 'ക്രിസ്തുവില്‍ നാമെല്ലാവരും ഒന്ന്' എന്ന മുദ്രാവാക്യം ഉര്‍ത്തിപ്പിടിച്ച് തോളോടുതോള്‍ ചേര്‍ന്ന്, സമൂഹ നന്മയ്ക്കും, സഭാ ഐക്യത്തിനുമുതകുന്ന പുതുമയാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയായി നടത്തിവരുന്നു. കുടുംബമേള, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ (ഭവന നിര്‍മ്മാണം), യുവതലമുറയുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കുമായി ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, പിക്നിക്ക്, അഖില ലോക പ്രാര്‍ത്ഥനാ ദിനാചരണം, ഇതിനെല്ലാമുപരിയായി പ്രൌഢഗംഭീരവും ഭക്തിനിര്‍ഭരവുമായ ക്രിസ്മസ് ആഘോഷം എന്നിവയും കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തിവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം