ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം വനിതാ ദിനാഘോഷം ശ്രദ്ധേയമായി
Monday, March 17, 2014 8:11 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വെച്ച് അത്യുജ്വലമായ രീതിയില്‍ വനിതാ ദിനം ആഘോഷിച്ചു. ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം അദ്ധ്യക്ഷതവഹിച്ചു. വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ബ്രിജിറ്റ് ജോര്‍ജ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ഗ്രേറ്റ് ലേക്സ് റീജിണല്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ലതാ ആന്‍ കാലായില്‍ ഭദ്രദീപം തെളിയിച്ച് 2014-ലെ വനിതാ ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുക്കൌണ്ടി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് നേഴ്സിംഗ് ആയ മിസ് ആഗ്നസ് തേരാടി, ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള എന്നിവര്‍ പ്രസംഗിച്ചു. കോ- കോര്‍ഡിനേറ്റേഴ്സായ അനി വാച്ചാച്ചിറ സ്പോണ്‍സേഴ്സിനെ അംഗീകരിച്ച് സംസാരിക്കുകയും, ജൂബി വള്ളിക്കളം ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഡോ. സിബിള്‍ ഫിലിപ്പ്, ജെസ്സി റിന്‍സി എന്നിവര്‍ അവതാരകരായിരുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കു മുന്നോടിയായി വൈകുന്നേരം 4.30-ന് വനിതകള്‍ക്കായി വിവിധയിനങ്ങളിലുള്ള മത്സരപരിപാടികളും നടത്തപ്പെട്ടു. മലയാള സിനിമാഗാനത്തില്‍ ലൂര്‍ദ് മേരി, ഉഷസ് കോശി, ഗ്രേസി വാച്ചാച്ചിറ എന്നിവരും, ഹെയര്‍സ്റൈലിംഗില്‍ നാന്‍സി ആന്‍ ലൂക്കോസ്, സിത്താര പാലയ്ക്കത്തടം, സോഫി പുതുക്കുളം എന്നിവരും ഫ്ളവര്‍ അറേഞ്ച്മെന്റില്‍ അച്സാ വര്‍ഗീസ്, ഉഷസ് കോശി എന്നിവരും വെജിറ്റബിള്‍ കാര്‍വിംഗില്‍ ഉഷസ് കോശി, ലൈസാമ്മ കല്ലിടുക്കില്‍, നാന്‍സി ആന്‍ ലൂക്കോസ് എന്നുവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജിനു വര്‍ഗീസ് കോറിയോഗ്രാഫി നിര്‍വഹിച്ച ഒപ്പണിംഗ് നൃത്തോത്സവത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. ചിന്നു തോട്ടം, സിമി ജെസ്റോ, ജാനകി, പ്രഷീന തുടങ്ങിയ ഗ്രൂപ്പുകളുടെ സംഘനൃത്ത കലാരൂപങ്ങള്‍ അരങ്ങുതകര്‍ത്തു.

തോമസ് ഒറ്റക്കുന്നേല്‍ കോറിയോഗ്രാഫി നിര്‍വഹിച്ച വെസ്റേണ്‍ ഡാന്‍സും, പരിപാടികള്‍ക്ക് മികവേകി. ഇതിനിടയില്‍ നടത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ആവേശകരമായിരുന്നു. ഷൈനി പട്ടരുമഠത്തിലും, ബീനാ വള്ളിക്കളവും കലാപരിപാടികള്‍ക്ക് അവതാരകരായിരുന്നു. വിമന്‍സ്ഡേ സ്നേഹവിരുന്ന് സത്കാരത്തിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കി. ഏകദേശം പത്തുമണിയോടെ ആഘോഷപരിപാടികള്‍ ശുഭമായി പര്യവസാനിച്ചു. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം