നവോദയ കിഴക്കന്‍ പ്രവിശ്യ കായിക മേള: സ്വാഗതസംഘമായി
Monday, March 17, 2014 4:15 AM IST
ദമാം: നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ സംഘടിപ്പിക്കുന്ന കായികമേള വന്‍ വിജയമാക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഏപ്രില്‍ 25 മുതല്‍ മേയ് 16 വരെ ദമാം ദല്ലയ്ക്കടുത്തുള്ള സ്റ്റേഡിയം, അല്‍കോബാര്‍ ഫ്ളഡ് ലിറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയിലെ എട്ട് ഏരിയ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കായിക മേളയുടെ വിജയത്തിനായി പാരഗണ്‍ റസ്ററന്റില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം ഫിഫ മുന്‍ മാച്ച് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. അക്രമണാത്മകമായ മനസിനെ ജന നന്മക്കായി തിരിക്കുന്ന പ്രവര്‍ത്തനമാണ് കായികലോകം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജന മനസുകളെ സാംസ്കാരികമായി ഉയര്‍ത്തുന്നതാണിത്.

ധാര്‍മികത ലോകത്തിന് കാണിച്ചുകൊടുക്കാന്‍ കായിക ലോകത്തിന് കഴിഞ്ഞിട്ടുണ്െടന്നും അബ്ദുസലാം പറഞ്ഞു. നവോദയ കേന്ദ്രകമ്മിറ്റി സ്പോട്സ് വിഭാഗം ചെയര്‍മാന്‍ അനില്‍ പട്ടുവം അധ്യക്ഷനായി.

കായിക മേളയുടെ ലോഗോ നവോദയ രക്ഷാധികാരി അംഗം ഇ.എം കബീര്‍ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പ്പന ചെയ്ത ശശി പട്ടാമ്പിയേയും അനിമേഷന്‍ തയാറാക്കിയ ബാലവേദി അംഗം ഹിന്ദ് ദേവിനെയും ആദരിച്ചു.

നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, രക്ഷാധികാരി അംഗം ബഷീര്‍ വരോട്, ഡിഫ പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സെക്രട്ടറി മുജീബ് കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നവോദയ കേന്ദ്രകമ്മിറ്റി സ്പോര്‍ട്സ് വിഭാഗം കണ്‍വീനര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ജോ. കണ്‍വീനര്‍ ഷമല്‍ നന്ദിയും പറഞ്ഞു.

കായിക മേളയുടെ വിജയത്തിനായി ആസാദ് തിരൂര്‍ ചെയര്‍മാനും അനില്‍ പട്ടുവം വര്‍ക്കിംഗ് ചെയര്‍മാനും കൃഷ്ണകുമാര്‍ ജനറല്‍ കണ്‍വീനറുമായി 500 അംഗ സ്വാഗതസംഘത്തെ യോഗം തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം