നവ്യയും ആഷ്ലിയും ഫോമാ ഗ്രേറ്റ് ലേക്സ് റീജന്‍ കലാപ്രതിഭകള്‍
Monday, March 17, 2014 4:04 AM IST
ഡിട്രോയിറ്റ്: ഫോമാ റീജന്‍ 9 / ഗ്രേറ്റ് ലേക്സ് റീജണല്‍ കണ്‍വന്‍ഷന്റെയും യുവജനോത്സവത്തിന്റെയും കൊടിയിറങ്ങുമ്പോള്‍ ഡിട്രോയ്റ്റ് മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി നവ്യ പൈങ്ങോളും (സബ് ജൂനിയര്‍ വിഭാഗം) ആഷ്ലി ഡേവിഡും (ജൂനിയര്‍ വിഭാഗം) കലാപ്രതിഭ പട്ടം ഉയര്‍ത്തി.

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പൈങ്ങോളിന്റെയും ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണ്‍ വുമെന്‍സ് ഫോറം ചെയര്‍ പെഴ്സണ്‍ ഷോളി നായരുടെയും മകളാണ് നവ്യ പൈങ്ങോള്‍.

ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഓസ്ബോണ്‍ ഡേവിഡിന്റെയും ഷാലു ഡേവിഡിന്റെയും മകളാണ് ആഷ്ലി ഡേവിഡ്. എക്കാലത്തെയും പോലെ മാതാപിതാക്കളുടെ മലയാള നാടിനോടുള്ള സ്നേഹവും ചിട്ടയായ പരിശീലനവും യുവജനോത്സവത്തിലുടനീളം കാണാനുണ്ടായിരുന്നു. ഹാള്‍ വേയില്‍ കുരുന്നുകളെ പരിപാടികളില്‍ പങ്കെടുക്കാന്‍ പരിശീലിപ്പിക്കുന്ന മാതാപിതാക്കളെ കണ്ടപ്പോള്‍, പണ്െടങ്ങോ കണ്ടുമറന്ന ആ വെള്ളക്കുമ്മായം തേച്ച, പൊടിപിടിച്ച സ്കൂള്‍ വരാന്തകള്‍ ഓര്‍മ്മ വന്നു.

സമ്മര്‍ദ്ദങ്ങളില്ലാത്ത സന്തോഷകരമായ ആ നല്ല കാലം. പദ്യപരായണത്തിന്റെയും പ്രസംഗ മത്സരത്തിന്റെയും ജഡ്ജ് ആയിരുന്ന ഫാ: ഫിലിപ്പ് ശങ്കരത്തിലിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. അദ്ദേഹം ലേഖകനോട് പറഞ്ഞു: 'ഈ പരിപാടികളില്‍ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം, എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയതാണ്. ഈ തലമുറയും മലയാള ഭാഷയെ കൈവിട്ടിട്ടില്ല, ജഡ്ജസ്സിനെ സംബന്ധിച്ചു മാര്‍ക്കിടുക ഒരു ശ്രമകരമായ ജോലി ആയിരുന്നു കാരണം പ്രകടനങ്ങള്‍ ഒന്നിന്നൊന്നു മെച്ചമായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമായുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തത് പരിപാടികളുടെ മാറ്റു കൂട്ടി. സംവിധാന മികവു കൊണ്ട് ശ്രദ്ധേയമായ യുവജനോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകരെ ദേശീയ നേതാക്കള്‍ മുക്തകണ്ഠം പ്രശംസിച്ചു. ആര്‍ വി പി രാജേഷ് നായരോടൊപ്പം ആകാശ് എബ്രഹാം, രാജേഷ് കുട്ടി, സുഭാഷ് രാമചന്ദ്രന്‍, ഡയസ് തോമസ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, മഞ്ജു ആകാശ്, ഷോളി നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

കേരള ക്ളബ് പ്രസിഡന്റ് രമ്യ നായര്‍, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ പൈങ്ങോള്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ചാഴിക്കാട്ട്, എന്നിവരോടൊപ്പം മാത്യു ചെരുവില്‍, ജോര്‍ജ് വണ്ണിലം എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരള തട്ടുകട ലാല്‍ തോമസ്സും ലൈറ്റ് ആന്റ് സൌണ്ട് ഷോണ്‍ കര്‍ത്തനാളും ക്രമീകരിച്ചു. പരിപാടികള്‍ വന്‍ വിജയമായിരുന്നതുകൊണ്ട് ഈ കുരുന്നുകളെ ജൂണ്‍ 26 മുതല്‍ പെന്‍സില്‍വേനിയയില്‍ വച്ച് നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍, ഡിട്രോയിറ്റ്