ലിവിംഗ്സ്റണ്‍ സെന്റ് ജെയിംസ് ഇടവകയ്ക്ക് സ്വന്തമായ ആരാധനാലയം
Monday, March 17, 2014 4:01 AM IST
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെടുന്നതും, ലിവിംഗ്സ്റണില്‍ കഴിഞ്ഞ ആറരവര്‍ഷക്കാലമായി നടന്നുവരുന്നതുമായ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന് സ്വന്തമായ ആരാധനാലയം എന്ന ഇടവകാംഗങ്ങളുടെ ആഗ്രഹം സഫലമായി. ലിവിംഗ്സ്റണില്‍ നിന്നും ഏകദേശം ഇരുപത് മൈലുകള്‍ മാറി, വാണാക്യുവിലാണ് (പസൈക്ക് കൌണ്ടി) സെന്റ് ജെയിംസ് ഇടവക ആരാധനാലയം വാങ്ങിയത്. വാണാക്യൂവിലെ ലേക്ക് ലാന്റ് ജ്യൂയിസ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള സിനഗോഗാണ്, സുറിയാനി ഓര്‍ത്തഡോക്സ് (യാക്കോബായ) ദേവാലയമായി രൂപാന്തരം പ്രാപിക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വാണാക്യൂവിലെ സെന്റ് ജയിംസ് ദേവാലയത്തില്‍ എത്തിയാല്‍, കേരളത്തിലെ പരമ്പരാഗതമായ ദേവാലയത്തില്‍ എത്തിയ പ്രതീതിയാണ് ഉണ്ടാകുന്നത്. 287 ഹൈവേയില്‍ നിന്ന് വളരെ പെട്ടെന്ന് പുതിയ ദേവാലയത്തില്‍ എത്തിച്ചേരാം എന്നുള്ളത് ഇടവകാംഗങ്ങള്‍ക്ക് ആശ്വാസകരമാണ്.

നോര്‍ത്തേണ്‍ ജേഴ്സിയില്‍ ഒരു യാക്കോബായ ദേവാലയം ഉണ്ടാകണമെന്നാഗ്രഹിച്ച ഏതാനും വിശ്വാസികള്‍ ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് അപേക്ഷ നല്‍കുകയും, തിരുമേനി പുതിയ ദൈവാലയത്തിന് അനുമതി നല്‍കുകയും ചെയ്തു. കര്‍ത്താവിന്റെ സഹോദരനും, ഊര്‍ശ്ശേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനുമായ, നീതിമാനായ മോര്‍ യാക്കോബ് ശ്ശീഹായുടെ തിരുനാമത്തില്‍ 2007 സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ഇടവക നിലവില്‍ വന്നു. ലിവിംഗ്സ്റണ്‍ ഐസന്‍ ഓവര്‍പാര്‍ക്ക് വേയിലെ 'നൈറ്റ്സ് ഓഫ് കൊളംബസ്' ഹാള്‍ ആണ് ഇടവകാംഗങ്ങള്‍ തങ്ങളുടെ ആത്മീയാനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിച്ചുവന്നത്. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരിയായിരുന്നു പ്രഥമ വികാരി. ക്നാനായ ഭദ്രാസനത്തിലെ ഫാ. പുന്നൂസ് ചാലുവേലിയും, മലങ്കര ഭദ്രാസനത്തിലെ മറ്റ് വൈദീക ശ്രേഷ്ഠരുമാണ് വികാരിയില്ലാത്ത അവസരങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചുവന്നത്. 2011 ഓഗസ്റ് ഒന്നുമുതല്‍ വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പയെ ഇടവക വികാരിയായി ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ചു. 2014 ജനുവരിയില്‍ വാണാക്യൂവിലെ സ്ഥലം കണ്െടത്തി, അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ക്ളോസിംഗ് നടത്തി ആരാധനാലയം സ്വന്തമാക്കുവാന്‍ സാധിച്ചത് വികാരിയച്ചന്റേയും, ഇടവക മാനേജിംഗ് കമ്മിറ്റിയുടേയും ഇടവകാംഗങ്ങളുടേയും കൂട്ടായ പരിശ്രമഫലമായും, സര്‍വ്വോപരി സര്‍വ്വശക്തനായ ദൈവത്തിന്റെ കാരുണ്യംകൊണ്ടും, വി. മോര്‍ യാക്കോബ് ശ്ശീഹായുടെ മദ്ധ്യസ്ഥതയും മൂലം മാത്രമാണ്.

മാര്‍ച്ച് പതിനൊന്നാം തീയതി അറ്റോര്‍ണി ഓഫീസില്‍ ക്ളോസിംഗ് കഴിഞ്ഞയുടന്‍ ഏവരും പുതിയ ആരാധനാലയത്തിലേക്ക് എത്തിച്ചേര്‍ന്നു. ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ തീത്തോസ് തിരുമേനി പുതിയ സ്ഥലത്തേക്ക് എഴുന്നെള്ളി വന്നു. വികാരി ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ കത്തിച്ച മെഴുകുതിരി നല്‍കി അഭി. തിരുമേനിയെ സ്വീകരിച്ചു. പുതിയ മന്ദിരത്തിന്റെ താക്കോല്‍ തിരുമേനിയുടെ പക്കല്‍ വികാരി നല്‍കുകയും, തിരുമേനി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് സ്തോത്ര പ്രാര്‍ത്ഥനയും ഉച്ചനമസ്കാരവും, ധൂപ പ്രാര്‍ത്ഥനയും നടന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടവകയുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയ വികാരിയേയും, കമ്മിറ്റിയംഗങ്ങളേയും തിരുമേനി അഭിനന്ദിച്ചു. ഇടവക ആരംഭിച്ച്, ചുരുങ്ങിയ കാലയളവില്‍ സെന്റ് ജയിംസ് ഇടവക ഭദ്രാസനത്തിന് നല്‍കിയ സേവനങ്ങള്‍ വിലപ്പെട്ടതാണ് തിരുമേനി അനുസ്മരിച്ചു. ഭദ്രാസനത്തിലെ വൈദീകനായ ഫാ. ആകാശ് പോള്‍, ഭദ്രാസന ട്രഷറര്‍ സാജു പോള്‍ മാരോത്ത് എന്നിവരെ സംഭാവന ചെയ്യുവാന്‍ സെന്റ് ജയിംസ് ഇടവകയ്ക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഫാ. വര്‍ഗീസ് പോള്‍ (അരമന മാനേജര്‍), ഫാ. ആകാശ് പോള്‍, ഷെവ. ജോര്‍ജ് പാടിയേടത്ത്, ജോയി ഇട്ടന്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം), ബിജു കുര്യന്‍ മാത്യൂസ് (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (ട്രസ്റി), മെവിന്‍ തോമസ് (സെക്രട്ടറി), ബിഷു പോള്‍ (സെന്റ് പോള്‍ പ്രെയര്‍ ഫെല്ലോഷിപ്പ് കോര്‍ഡിനേറ്റര്‍), ജെയ്ജോ പൌലോസ് (യൂത്ത് കോര്‍ഡിനേറ്റര്‍), ഇടവകാംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ബിജു കുര്യന്‍ മാത്യൂസ് (വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം