ജെ. മാത്യൂസ് ലാന ട്രഷറര്‍; മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റ്
Saturday, March 15, 2014 3:52 AM IST
ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) ഭരണസമിതിയില്‍ ഒഴിവു വന്ന ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് സംഘടനയുടെ സ്ഥാപകാംഗങ്ങളും എഴുത്തുകാരുമായ ജെ. മാത്യൂസ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവരെ തെരഞ്ഞെടുത്തതായി എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു. ജെ. മാത്യൂസ് (ന്യൂയോര്‍ക്ക്) ആയിരിക്കും പുതിയ ട്രഷറര്‍. ജോര്‍ജ് മണ്ണിക്കരോട്ട് (ഹൂസ്റണ്‍) വൈസ് പ്രസിഡന്റ്.

അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യ പ്രവര്‍ത്തകനും, പ്രഭാഷകനുമായ ജെ. മാത്യൂസ് കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന “ജനനി’ മാസികയുടെ പത്രാധിപരാണ്. അമേരിക്കയിലെ വളര്‍ന്നുവരുന്ന പുതു തലമുറയുടെ മലയാള ഭാഷാ പഠനവും സാംസ്കാരിക വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗുരുകുലം സ്കൂളിന്റെ പ്രിന്‍സിപ്പലായും, സേവനം അനുഷ്ഠിക്കുന്നു. മികച്ച ഒരു സംഘാടകന്‍ കൂടിയായ അദ്ദേഹം ഫൊക്കാനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് ന്യൂയോര്‍ക്കിന്റെ ഖജാന്‍ജിയായും പ്രവര്‍ത്തിക്കുന്നു.

അമേരിക്കയിലെ അറിയപ്പടുന്ന എഴുത്തുകാരനും സാഹിത്യ ചരിത്രകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ഹൂസ്റണിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്റെ പ്രസിഡന്റായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സ്ഥാപകനും പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു. നോവല്‍, ചെറുകഥ, ലേഖന സമാഹാരം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി അനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള മണ്ണിക്കരോട്ട് അമേരിക്കയിലും കേരളത്തിലുമുള്ള വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ നിരവധി സാഹിത്യ പുരസ്കാരങ്ങളും കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം