ഐഎന്‍സി എഫ്ബി യൂണിറ്റ് ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമായി
Friday, March 14, 2014 7:59 AM IST
റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയായ ഐഎന്‍എസ്എഫ്ബി സൌദി ഘടകം അതിന്റെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ബത്ഹയില്‍ ചേര്‍ന്ന സൌദിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളുടെ യോഗത്തില്‍ തൃശൂര്‍ ജില്ലാ ഒഐസിസി പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകയും സോഷ്യല്‍ നെറ്റ്വര്‍ക്കിലെ സജീവ സാന്നിധ്യവുമായ ഷീബാ രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് 1977 ലെ വിജയത്തേക്കാള്‍ മികച്ച വിജയം കൈവരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. മുമ്പെങ്ങും ദര്‍ശിച്ചിട്ടില്ലാത്തവിധം ഐക്യത്തോടെയാണ് പാര്‍ട്ടി കേരളത്തില്‍ പ്രസിഡന്റ് വി.എം സുധീരന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു.

ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് കോയ ആമുഖ പ്രഭാഷണം നടത്തി. ഗ്രൂപ്പിലെ സജീവ അംഗങ്ങളായ അജീഷ് ചെറുവത്തൂര്‍, സുധി സുകൃതി, ഹാപ്പിമാന്‍, ഷാനവാസ് താഹ, സൈദ് കൊല്ലം, മുസ്തഫ പള്ളിയാലില്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിച്ചു. മാള മൊഹിയുദ്ദീന്‍, നാസര്‍ കല്ലറ, അജയന്‍ ചെങ്ങന്നൂര്‍, നാസര്‍ വലപ്പാട്, അന്‍സാര്‍ വൈദ്യരകത്ത്, സജീര്‍ പൂന്തുറ എന്നിവര്‍ പ്രസംഗിച്ചു. അന്‍സായ് ഷൌക്കത്ത് സ്വാഗതവും ഹാപ്പിമാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍