മെഗാഷോ 'കേരളാ എക്സ്പ്രസ്' മേയ് പത്തിന് ഫിലാഡല്‍ഫിയയില്‍
Friday, March 14, 2014 4:25 AM IST
ഫിലാഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമ ഇടവകയുടെ പാര്‍ക്കിംഗ് ലോട്ട് നിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥം 2014ലെ സൂപ്പര്‍ മെഗാഷോ ആയ 'കേരളാ എക്സ്പ്രസ്' മേയ് പത്തിന് (ശനി) വൈകുന്നേരം ആറിന് ബെന്‍സലേം ഹൈസ്കൂളില്‍ നടത്തുന്നു.

പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, ജഗദീഷ്, മീരാ നന്ദന്‍, അഞ്ജു അരവിന്ദ് എന്നിവരും ഐഡിയാ സ്റാര്‍ സിംഗര്‍ പ്രതിഭ നജീം അര്‍ഷാദ്, അഖില ആനന്ദ് തുടങ്ങിയ ഗായകരും ചിരിയുടെ മാലപ്പടക്കവുമായി അസീസ്, സെന്തില്‍ തുടങ്ങിയ ഹാസ്യ താരങ്ങളും നൃത്തവിസ്മയവുമായി മറ്റു താരങ്ങളോടൊപ്പം റഹ്മാനും ഒന്നിക്കുന്ന ഈ കലാമാമാങ്കം അമേരിക്കയുടെ വസന്തകാല രാവുകളെ ഉല്ലാഭരിതമാക്കും.

ഫിലാഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ് മേഖലയിലെ വിവിധ പരിപാടികള്‍ക്ക് വേദിയാകുന്ന അസന്‍ഷന്‍ പാരീഷ് ഹാളിനോട് അനുബന്ധിച്ച് കിടക്കുന്ന പാര്‍ക്കിംഗ് ലോട്ടിന്റെ വിപുലീകരണം നോര്‍ത്ത് ഈസ്റ് നിവാസികള്‍ക്ക് ഒരു അനുഗ്രഹമാണ്. ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് ജനുവരി 26ന് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രോജക്ട് ആയതിനാല്‍ ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാമിന്റെ വിജയത്തിനായി റവ. ആന്റണി ടി. വര്‍ഗീസ്, ഡാനിയേല്‍ പി. തോമസ്. ജോണ്‍ മാത്യു, ലിജോ പി. ജോര്‍ജ്, അനില്‍ മാത്യു, റോജിഷ് സാമുവല്‍ എന്നിവരോടൊപ്പം ഒരു വലിയ ടീം പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം