ഗള്‍ഫ്മാര്‍ട്ട് കേഫാക്ക് ലീഗ് : സിയാസ്കോ കുവൈറ്റിനും യംഗ് ഷൂട്ടേര്‍സിനും മലപ്പുറം ബ്രദേഴ്സിനും വിജയം
Thursday, March 13, 2014 8:38 AM IST
കുവൈറ്റ്: ഒന്‍പതു മാസത്തോളം നിലനില്‍ക്കുന്ന ഗള്‍ഫ്മാര്‍ട്ട് കേഫാക്ക് ലീഗ് മത്സരത്തില്‍ സിയാസ്കോ കുവൈറ്റിനും യംഗ് ഷൂട്ടേഴ്സിനും മലപ്പുറം ബ്രദേഴ്സിനും വിജയം.

മിഷറിഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങള്‍ പ്രവാസി കാണികള്‍ക്ക് പുത്തനുഭവമായിരുന്നു. ആദ്യ കളിയില്‍ നൌഷാദും നിധിനും നിയാസും നേടിയ ഗോളുകള്‍ക്കാണ് കെ.കെ.എസ് സുറയെ സിയാസ്കോ കുവൈറ്റ് പരാജയപ്പെടുത്തിയത്. തുടര്‍ന്നുനടന്ന രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ്, യൂത്ത് ഇന്ത്യയെ തറപറ്റിച്ചു. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം കണ്ട അവസാന മത്സരത്തില്‍ പൊരുതി കളിച്ച സ്പാര്‍ക്സ് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മലപ്പുറം ബ്രദേഴ്സ് വിജയം നേടി. കളിയുടെ അവസാന നിമിഷംവരെ ഓരോ ഗോളുകളടിച്ചു സമനിലയായ കളിയില്‍ മുന്നേറ്റനിരക്കാരന്‍ റഹീം നേടിയ ഗോളിലൂടെയാണ് മലപ്പുറം ബ്രദേഴ്സ് വെന്നിക്കൊടി പാറിച്ചത്.

കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍