വെടിയേറ്റു മരിച്ച വിദ്യാര്‍ഥി സ്റ്റാന്‍ലി ബാബുവിന് യാത്രാമൊഴി
Thursday, March 13, 2014 8:35 AM IST
ഹൂസ്റ്റണ്‍: അവധിക്കാലം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്നതിനും ജന്മദിനം ആഘോഷിക്കുന്നതിനുമായി ഡാളസ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ നിന്നും ഹൂസ്റ്റണിലേക്കുളള യാത്രാമധ്യേ തോക്കു ധാരികളുടെ വെടിയേറ്റു മരിച്ച കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി സ്റ്റാന്‍ലി ബാബുവിന് അമേരിക്കന്‍ മലയാളികളുടേയും സുഹൃത്തുക്കളുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

മാര്‍ച്ച് 11 ന് (ചൊവ്വ) ഉച്ചയ്ക്ക് മിസോറി സിറ്റിയിലെ ക്നാനായ കാത്തലിക് കമ്യുണിറ്റി സെന്ററില്‍ സ്റ്റാന്‍ലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിനു ജനങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. ഏക മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളേയും ഏക സഹോദരിയേയും ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ പോലും ദുഃഖം സഹിക്കാനാകാതെ വിതുമ്പി കരയുന്നുണ്ടായിരുന്നു. പൊതുദര്‍ശനത്തിനുശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തു.

ഷിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹമായ മരണത്തിന്റെ ഷോക്കില്‍ നിന്നും മലയാളി സമൂഹം വിമുക്തരാക്കുന്നതിനുമുമ്പുതന്നെ സ്റ്റാന്‍ലി ബാബുവിന്റെ അകാലമരണം ജനങ്ങളെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തി.

സ്റ്റാന്‍ലി ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംഭവം നടക്കുന്ന പിറ്റേദിവസം പത്തൊന്‍പതുകാരനായ മാര്‍ക്വിസ് ഡേവിസിനേയും ഇന്നലെ മറ്റൊരു കൂട്ടുപ്രതിയായ ഡൊണാള്‍ഡ് തലൈയേയും ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാന്‍ലിയെ വധിച്ചശേഷം സമീപത്തുളള കടയില്‍ കയറിച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണവും സാധനങ്ങളും കൊളളയടിച്ച കേസിലും ഇവര്‍ പ്രതികളാണ്.

മാര്‍ച്ച് ആറിന് (വ്യാഴം) ആണ് സ്റ്റാന്‍ലി ബാബു വെടിയേറ്റ് മരിച്ചത്. ഡാളസില്‍ നിന്നും ഹൂസ്റ്റണിലേക്ക് യാത്ര പുറപ്പെട്ട സ്റ്റാന്‍ലി സാം ഹൂസ്റണ്‍ അപ്പാര്‍ട്ട്മെന്റിലെ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. സന്ദര്‍ശനം കഴിഞ്ഞു പാര്‍ക്കിംഗ് ലോട്ടിലെ കാറില്‍ കയറുവാന്‍ ശ്രമിക്കുന്നതിനിടെ തോക്കു ധാരികളായ പ്രതികള്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കിയശേഷം പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റാന്‍ലിക്കു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.വെടിയേറ്റ സ്റ്റാന്‍ലി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജന്മദിനാഘോഷങ്ങള്‍ക്കായി സ്റ്റാന്‍ലിയെ പ്രതീക്ഷിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത് മരണവാര്‍ത്തയായിരുന്നു. മാര്‍ച്ച് എട്ടിനായിരുന്നു സ്റ്റാന്‍ലിയുടെ മുപ്പത്തി രണ്ടാം ജന്മദിനം.

മെമ്മോറിയല്‍ ഹെര്‍മന്‍ ലബോറട്ടറിയില്‍ ടെക്നീഷ്യനായിരുന്ന സ്റ്റാന്‍ലി കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ഡിഗ്രി എന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ ചേര്‍ന്നത്.

കംപനാട്ടേല്‍ ബാബുവിന്റേയും സിന്‍സിയുടേയും ഏക മകനാണ് സ്റ്റാന്‍ലി. സോഫി ഏക സഹോദരിയാണ്. സ്റ്റാന്‍ലിയുടെ ഘാതകരെ പിടികൂടാന്‍ കഴിഞ്ഞുവെങ്കിലും ഷിക്കാഗോയിലും ന്യുയോര്‍ക്കിലും ദുരൂഹ സാഹചര്യങ്ങളില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗീസിന്റേയും ജാസ്മിന്റേയും കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തില്‍ മലയാളി സമൂഹം ആശങ്കാകുലരാണ്. ഫ്ളോറിഡയില്‍ നിന്നും കാണാതായ റെനിയെ കണ്െടത്തുന്നതിനുളള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മലയാളി സമൂഹം ഒറ്റക്കെട്ടായി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍