സ്പോണ്‍സര്‍ കൈയൊഴിഞ്ഞ അസുഖബാധിതനായ പ്രവാസിക്ക് കേളി തണലേകി
Thursday, March 13, 2014 8:34 AM IST
റിയാദ് : മതിയായ ചികിത്സ ലഭിക്കാതെയും നാട്ടില്‍ പോകുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാലും ദുരിതം അനുഭവിച്ചു കഴിഞ്ഞു വന്ന കാസര്‍കോട് ഉദുമ സ്വദേശിയായ ഗോവിന്ദന്‍ കുഞ്ഞിരാമന് (60) കേളി താങ്ങും തണലുമായി.

അത്തിഖ മേഖലയിലെ ബിന്ദായില്‍ സൂക്ക് പ്രദേശത്ത് ഒരു ടൈലര്‍ സ്ഥാപനത്തില്‍ 33 വര്‍ഷമായി ജോലിചെയ്തു വരുകയായിരുന്നു ഗോവിന്ദന്‍. സ്പോന്‍സറുടെ ക്രൂരമായ ഇടപെടലുകള്‍ ഉണ്ടായിട്ടും സാമ്പത്തിക ക്ളേശത്താല്‍ ജോലിയില്‍ തുടര്‍ന്നു വരുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പുണ്ടായ സ്വന്തം മകന്റെ ആത്മഹത്യ ഇദ്ദേഹത്തെ ആകെ തളര്‍ത്തുകയായിരുന്നു. മാനസിക പ്രയാസം കൂടുതല്‍ അനുഭവിച്ചു വന്ന ഇദ്ദേഹം റൂമില്‍ കാലിടറി വീഴുകയും കൈയ്ക്കും കാലിനും പരിക്ക് ഏല്‍ക്കുകയും ചെയ്തു. കൈയില്‍ പ്ളാസ്ററിട്ട് ദുരിത ജീവിതം നയിച്ചുവന്ന അവസ്ഥയില്‍ ആഫ്രിക്കന്‍ വംശജരുടെ ക്രുര പീഡനത്തിനും ഇരയാകേണ്ടിവന്നു. സ്പോണ്‍സര്‍ തിരിഞ്ഞു നോക്കാതെയും സഹായിക്കുവാന്‍ ആരും ഇല്ലാതെയും വന്ന അവസ്ഥയില്‍ കേളി സൂക് മക്ക യൂണിറ്റ് പ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെടുകയും വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുകയും ചെയ്തു.

കേളി കേന്ദ്ര കമ്മിറ്റി നാട്ടില്‍ പോകുവാനുള്ള ടിക്കറ്റും നല്‍കുകയുണ്ടായി.കേളിയുടെ കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാര്‍ ടിക്കറ്റ് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം ബ്രിജേഷ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയനര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍