ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ വാര്‍ഷിക യോഗം നടന്നു
Thursday, March 13, 2014 4:06 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ വാര്‍ഷിക കൌണ്‍സില്‍ ഇവാന്‍സ്റണ്‍ സീറോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. പ്രസിഡന്റ് റവ. ഷാജി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2013-14 വര്‍ഷങ്ങളിലെ കൌണ്‍സില്‍ അംഗങ്ങള്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ജോസ് വര്‍ഗീസ് പൂന്തല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനുകരണീയമായ നിരവധി കര്‍മ്മപദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കഴിഞ്ഞ, സംഭവബഹുലമായ ഒരു പ്രവര്‍ത്തനവര്‍ഷത്തിന്റെ നാള്‍വഴികള്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

അഖിലലോക പ്രാര്‍ത്ഥനാദിനം, മികവാര്‍ന്ന കലാപരിപാടികള്‍കൊണ്ട് അനുഗ്രഹനിറവേകിയ എക്യൂമെനിക്കല്‍ കുടുംബസംഗമം എന്ന കലാസന്ധ്യ, ആവേശോജ്വലമായ വോളിബോള്‍, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, വചനമാരി പെയ്തിറങ്ങിയ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍, എക്യൂമെനിക്കല്‍ യൂത്ത് റിട്രീറ്റ്, ഭവനദാന പദ്ധതി, ഇടുക്കി ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസപദ്ധതി, പതിനാറ് ദേവാലയങ്ങള്‍ ചേര്‍ന്ന് നക്ഷത്ര തിളക്കമാര്‍ന്ന പരിപാടികള്‍കൊണ്ട് പ്രൌഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയ പ്രോഗ്രാമുകളെ നെഞ്ചിലേറ്റി അനുഗ്രഹിച്ച് വിജയിപ്പിച്ച വികാരിയച്ചന്‍മാരോടും, കൌണ്‍സില്‍ അംഗങ്ങളോടും ഇടവക ജനങ്ങളോടുമുള്ള നന്ദി ഭാരവാഹികള്‍ക്കുവേണ്ടി സെക്രട്ടറി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചു.

ട്രഷറര്‍ രഞ്ചന്‍ ഏബ്രഹാം കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കി. ഓഡിറ്ററായി ആന്റോ കവലയ്ക്കല്‍ പ്രവര്‍ത്തിച്ചു. ഷാജി അച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഭാരവാഹികളെ കൌണ്‍സില്‍ ഒന്നടങ്കം മുക്തകണ്ഠമായി പ്രശംസിച്ചു.

പുതിയ വര്‍ഷത്തെ ചുമതലക്കാര്‍: പ്രസിഡന്റ്- ഫാ. ജോയി ആലപ്പാട്ട്, സെക്രട്ടറി- ജോണ്‍സണ്‍ മത്തായി, വൈസ് പ്രസിഡന്റ്- റവ ബിനോയി ജേക്കബ്, ജോയിന്റ് സെക്രട്ടറി- പ്രേംജിത്ത് വില്യം, ട്രഷറര്‍- ആന്റോ കവലയ്ക്കല്‍, ഓഡിറ്റര്‍- ചെറിയാന്‍ വേങ്കിടത്ത്.

വൈസ് പ്രസിഡന്റ് റവ. ഇടുക്കുള മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലും, ഇടവക ഭാരവാഹികളും ചേര്‍ന്ന് കൌണ്‍സില്‍ മീറ്റിംഗിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. സ്നേഹവിരുന്ന് യോഗാനന്തരം ക്രമീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം