സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡാ ചാപ്റ്ററിന്റെ ഉദ്ഘാടനം
Thursday, March 13, 2014 4:06 AM IST
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് എസ്.എം.സി.സി ചാപ്റ്റിന്റെ 2014-16 കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശീര്‍വാദവും, അനുഗ്രഹവുമായി അഡിലബാദ് ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത്.

സഭയിലെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ജീവകാരുണ്യ-സാമൂഹ്യ മേഖലയില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് അത്മായ സംഘടന ആവശ്യമാണെന്നും, ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ടുപോയ മനുഷ്യ സഹോദരങ്ങളെ വിസ്മരിക്കാതെ അവര്‍ക്ക് കാരുണ്യത്തിന്റെ സഹായഹസ്തം നീളുമ്പോഴാണ് കത്തോലിക്കാ അത്മായ സംഘടനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നതെന്ന് പിതാവ് പറഞ്ഞു.

സീറോ മലബാര്‍ കാത്തലിക് സംഘടന സുവിശേഷത്തിന്റെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

2015 -ല്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് കാത്തലിക് ചര്‍ച്ച് എസ്.എം.സി.സി ചാപ്റ്റര്‍ പ്രവര്‍ത്തനത്തിന്റെ ഒന്നാം ദശവത്സരം ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ കര്‍മ്മനിരതമായ ഒരുപിടി പരിപാടികളാണ് എസ്.എം.സി.സി ആസൂത്രണം ചെയ്യുന്നത്.

ജോയി കുറ്റ്യാനി (പ്രസിഡന്റ്), മത്തായി വെമ്പാല, സാജു വടക്കേല്‍ (വൈസ് പ്രസിഡന്റുമാര്‍) അനൂപ് പ്ളാത്തോട്ടം (സെക്രട്ടറി), ട്രീസാ ജോയി (ജോയിന്റ് സെക്രട്ടറി), റോബിന്‍ ആന്റണി (ട്രഷറര്‍), മാത്യു പൂവന്‍ (ജോയിന്റ് ട്രഷറര്‍), ജോ ബെര്‍ണാഡ്, ബാബു കല്ലിടുക്കില്‍, പ്രിന്‍സ്മോന്‍ ജോസഫ്, ഷിബു ജോസഫ്, ജിമ്മി ജോസ്, ജോണിക്കുട്ടി (ഷിബു), മാത്യു മത്തായി, വിജി മാത്യു, ജോജി ജോണ്‍, രാജി ജോമി, ജിന്‍സി ജോബിഷ് (കമ്മിറ്റി അംഗങ്ങള്‍), ബേബി നടയില്‍, സജി സക്കറിയാസ് (എക്സ് ഒഫീഷ്യോ അംഗങ്ങള്‍) എന്നിവര്‍ 2014-16 വര്‍ഷത്തെ ഭാരവാഹികളായി ചുമതലയേറ്റു.

എസ്.എം.സി.സി മാര്‍ച്ച് 23-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് പാരീഷ് ഹാളില്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് ടാക്സ് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ ഒബാമ കെയറിനെക്കുറിച്ചും, ഒബാമ രജിസ്ട്രേഷനെക്കുറിച്ചം ക്ളാസ് നടത്തും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് അഡിലബാദ് രൂപതയുടെ ചാരിറ്റി പ്രവര്‍ത്തന്ങ്ങള്‍ക്കായി എസ്.എം.സി.സി സ്പോണ്‍സര്‍ ചെയ്ത തുകയുടെ ചെക്ക് എസ്.എം.സി.സിക്കുവേണ്ടി ട്രഷറര്‍ റോബിന്‍ ആന്റണി, ബിഷപ്പിന് കൈമാറി. ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എം.സി.സി. സ്പിരിച്വല്‍ ഡയറക്ടറും വികാരിയുമായ ഫാ. കുര്യാക്കോസ് കുംബിക്കിയില്‍ അദ്ധ്യക്ഷതവഹിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം