റെനി ജോസിനു വേണ്ടി ആല്‍ബനിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി
Wednesday, March 12, 2014 3:22 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ഫ്ലോറിഡയില്‍ കാണാതായ ആല്‍ബനി നിവാസിയും ഹൂസ്റണിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുമായ റെനി ജോസിന്റെ സുരക്ഷിതമായ തിരിച്ചുവരവിനുവേണ്ടി ആല്‍ബനിയിലെ യുണൈറ്റഡ് കൃസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. മാര്‍ച്ച് ഒമ്പതിന് ഞായറാഴ്ച വൈകീട്ട് 5:30ന് ആരംഭിച്ച പ്രാര്‍ത്ഥനയ്ക്ക് ആല്‍ബനി സെന്റ് പോള്‍സ് ലൂഥറന്‍ ചര്‍ച്ച് വികാരി റവ. ഡേവിഡ് ഗ്രീന്‍വാള്‍ഡ് നേതൃത്വം നല്‍കി.

'ആശ്വാസദായകനായ് എനിക്ക് യേശു അരികിലുണ്ട്' എന്ന ഗാനത്തിന്റെ മാറ്റൊലികള്‍ പള്ളിയുടെ ഭിത്തികളില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കൂടിവന്ന വിശ്വാസ സമൂഹത്തിന്റെ കണ്ണൂകള്‍ ഈറനണിഞ്ഞു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസികളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും ദൈവസന്നിധിയിലെത്തുമെന്നും, ദൈവം കരുണയുള്ളവനാണെന്നും റവ. ഡേവിഡ് ഗ്രീന്‍വാള്‍ഡ് ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും യുണൈറ്റഡ് കൃസ്ത്യന്‍ ചര്‍ച്ച് സെക്രട്ടറി ദീപു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. ആല്‍ബനിയിലുള്ള വിവിധ സഭാവിഭാഗത്തിലുള്ള വിശ്വാസികള്‍ ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായി ജോര്‍ജ് പി. ഡേവിഡ് അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ