ഷിംഗാരി സ്കൂള്‍ ഓഫ് റിഥം ഡാളസ് മാവറിക്സില്‍
Tuesday, March 11, 2014 4:59 AM IST
ഡാളസ്: ഇതിനോടകം അമേരിക്കന്‍ വിനോദ മേഖലയിലും സജീവ സാന്നിധ്യമായി മാറിയിരിക്കുന്ന ഷിംഗാരി സ്കൂള്‍ ഓഫ് റിഥവും ബോളിവുഡ് ട്രെയ്നര്‍.കോംമും (ആീഹഹ്യീീംറഠൃമശില.രീാ) ഇപ്പോള്‍ ഡാളസ് മാവറിക്സില്‍ ഒരു അത്യുജ്ജല പ്രകടനം കാഴ്ചവച്ചുകൊണ്ട് വീണ്ടും അമേരിക്കന്‍ സമൂഹത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. ഒരു ഇന്ത്യന്‍ നൃത്തവിദ്യാലയത്തിനു ലഭിക്കുന്ന തികച്ചും അപൂര്‍വ്വമായ അംഗീകാരമാണ് ഡാളസ് മാവറിക്സില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞതോടെ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിനും ബോളിവുഡ് ട്രെയ്നര്‍.കാമിനും ലഭിച്ചത്. അമേരിക്കയിലെ അഞ്ചാമത്തെ പ്രധാന ബാസ്ക്കറ്റ് ബോള്‍ ഫ്രാഞ്ചൈസാണ് 685-മില്യന്‍ മൂല്യമുള്ള ഡാളസ് മാവറിക്സ്. അവര്‍ ചിക്കാഗൊ ബുള്‍സുമായി ഫെബ്രുവരി 28-ന് നടന്ന കളിയിലാണ് ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിന് ഈ അപൂര്‍വ്വ സന്ദര്‍ഭം കൈവന്നത്. ഡാളസ് മാവറിക്സിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഷിംഗാരിയും അവരുടെ ഹൂസ്റനിലെയും ഡാളസിലെയും പ്രത്യേക പരിശീലനം നേടിയ 40 വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.

ബോളിവുഡ് ട്രെയ്നര്‍ പ്രോഗ്രാമിലൂടെ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഓണ്‍ലൈനിലൂടെ നൃത്തം അഭ്യസിപ്പിച്ചുവരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ഹ്യൂസ്റന്‍, ഡാളസ്, ചിക്കാഗൊ, ലോസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കൊ എന്നീ നഗരങ്ങളില്‍ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാളസ് മാവറിക്സ്, അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററിലായിരുന്നു പരിപാടി ഒരുക്കിയത്. അമേരിക്കന്‍ സദസ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അസാമാന്യമായ പ്രകടനങ്ങളാണ് ഷിംഗാരി സ്ക്കൂള്‍ കാഴ്ചവച്ചത്. അത്യപൂര്‍വ്വമായ പ്രകാശവിസ്മയവും നൃത്തനൃത്യസംവിധാനവും കാണികള്‍ക്ക് വിസ്മയം പകര്‍ന്നു. മുമ്പൊരിക്കലും കാണാത്ത അനിതരസാധാരണമായ നൃത്തച്ചുവടുകള്‍ കണ്ടാസ്വദിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല ഷിംഗാരി സ്കൂള്‍ ഓഫ് റിഥമിന്റെ നൃത്തവിസ്മയത്തില്‍ സന്തുഷ്ടരായ സംഘാടകര്‍ അടുത്ത വര്‍ഷവും അവിടെ പരിപാടി അവതരിപ്പിക്കുന്നതിന് അവരെ ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യയുടെ കലാസംസ്ക്കാരത്തിന്റെ മഹത്വം നൃത്തത്തിലൂടെ അമേരിക്കയിലെ വളരെ പ്രധാനപ്പെട്ട ഒരു സദസില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്െടന്ന് ഷിംഗാരി സ്കൂളിന്റെ ഉടമയും പ്രധാന ഡാന്‍സ് ടീച്ചറുമായ ഷിംഗാരി മക്കോറ തുടര്‍ന്നുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ ശ്രേഷ്ഠതയും പ്രൌഡിയും അമേരിക്കന്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്െടന്നും ഷിംഗാരി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്