വിദഗ്ധ ജോലിക്കാരുടെ ഗ്രീന്‍കാര്‍ഡ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കാമ്പയിനുകള്‍ നടത്തി
Tuesday, March 11, 2014 4:57 AM IST
വാഷിംഗ്ടണ്‍ ഡിസി: എച്ച്1ബി വിസയിലുള്ള വിദഗ്ധ ജോലിക്കാരുടെ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള നിയമത്തില്‍ സമൂലമായ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കാമ്പയിനുകള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നതായി ഇമിഗ്രേഷന്‍ വോയ്സ് ദേശീയ വൈസ് പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അറിയിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്മാന്‍മാരുമായി ചര്‍ച്ച നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്1ബി വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിന് 15 മുതല്‍ 25 വര്‍ഷം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ്. ആയതിനാല്‍ ഈ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും എച്ച്4 വിസയിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുക, രാജ്യം അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍കാര്‍ഡ് ക്യാപ് എടുത്തുകളയുക, എച്ച്1ബി വിസയ്ക്ക് ആനുപാതികമായി ഗ്രീന്‍കാര്‍ഡ് അനുവദിക്കുക തുടങ്ങി നിരവധി ഭേദഗതികളാണ് ഇമിഗ്രേഷന്‍ വോയ്സ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കാമ്പയിനില്‍ മറ്റ് ഇന്ത്യന്‍ സംഘടനകളുടെ പിന്തുണയും, ഫോമ, ഫൊക്കാനാ തുടങ്ങിയ മലയാളികളുടേയും പിന്തുണ സാം ആന്റോ അഭ്യര്‍ത്ഥിച്ചു.

ഇമിഗ്രേഷന്‍ വോയ്സ് ദേശീയ പ്രസിഡന്റ് അമാന്‍ കപൂര്‍, വൈസ് പ്രസിഡന്റ് രഞ്ജി തോമസ് തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ഇമിഗ്രേഷന്‍ വോയ്സ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സന്ദര്‍ശിക്കുക: ംംം.ശാാശഴൃമശ്ീിീേശരല.ീൃഴ ീൃ മിീ.മൊ@ശാാശഴൃമശ്ീിീേശരല.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം