ഹരീഷ് വാസുദേവന് റിയാദില്‍ സ്വീകരണം; റിഫ സ്വാഗതസംഘം രൂപീകരിച്ചു
Monday, March 10, 2014 6:32 AM IST
റിയാദ്: ഈ മാസാവസാനം റിയാദിലെത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന് റിയാദ് ഇന്ത്യന്‍ ഫ്രന്റ്ഷിപ്പ് അസോസിയേഷന്റെ (റിഫ) ആഭിമുഖ്യത്തിലൊരുക്കുന്ന സ്വീകരണച്ചടങ്ങ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ന്യൂസഫാമക്കാ ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റിഫയുടെ പ്രതിനിധികള്‍ക്ക് പുറമെ ഒഐസിസി, ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി, തനിമ, യൂത്ത് വിഷന്‍, പ്ളീസ് ഇന്ത്യ, മിഅ, ഇടം സാംസ്കാരിക വേദി, റിയാദ് ടാക്കീസ്, നാടകം ഡോട്ട് കോം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.

മാര്‍ച്ച് 28 നാണ് ഹരീഷ് വാസുദേവന്‍ റിയാദിലെത്തുന്നത്. വര്‍ഷങ്ങളായി കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഹരീഷ്, പശ്ചിമഘട്ട സംരക്ഷണം, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍, നദീജല മലിനീകരണം, ആറന്‍മുള വിമാനത്താവളം, മണല്‍ ക്വാറി മാഫിയകളുടെ ഇടപെടലുകള്‍, വന നശീകരണം, നെല്‍വയല്‍ നികത്തല്‍ തുടങ്ങിയ വിഷയങ്ങളിലെ ആനുകാലിക സംഭവ വികാസങ്ങളെ അപഗ്രഥിച്ചു കൊണ്ട് സമഗ്രമായ പ്രഭാഷണം നടത്തുമെന്ന് റിഫ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതോടൊപ്പം പരിസ്ഥിതി കവിതകളുടെ നൃത്താവിഷ്കാരം, ചൊല്ലിയാട്ടം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും ഇന്ത്യന്‍ സ്കൂള്‍ പ്രകൃതിയെ വിഷയമാക്കി നടത്തിയ ചിത്രരചനയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

27 അംഗ സ്വാഗതസംഘത്തിന്റെ കണ്‍വീനറായി റിഫയുടെ നിബു വര്‍ഗീസിനേയും സഹകണ്‍വീനര്‍മാരായി ഷാജഹാന്‍ എടക്കര, സലീം മൂസ, രാജന്‍ നിലമ്പൂര്‍, നൌഷാദ് അസീസ്, അബ്ദുള്‍ ജബാര്‍, തല്‍ഹത്ത് പൂവച്ചല്‍ എന്നിവരേയും തെരഞ്ഞെടുത്തു. സ്വാഗതസംഘ രൂപീകരണത്തിന് ചെമ്പില്‍ മോഹന്‍ദാസ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍