അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പത്താം ക്ളാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
Monday, March 10, 2014 6:31 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്കൂള്‍ നടത്തിയ പത്താം ക്ളാസ് പരീക്ഷയില്‍ ധന്യാ പീറ്റര്‍ (സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, നാന്വറ്റ്, ന്യൂയോര്‍ക്ക്) ഒന്നാം റാങ്കും നിഷാ ഐസക് (സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കരോള്‍ട്ടന്‍, ടെക്സസ്) രണ്ടാം റാങ്കും കരെന്‍ ജോണ്‍സണ്‍ (സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍, ഫിലഡല്‍ഫിയ) മൂന്നാം റാങ്കും കരസ്ഥമാക്കി.

2013 നവംബര്‍ 17ന് അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ സണ്‍ഡേ സ്കൂളുകളില്‍ നിന്നും പത്താം ക്ളാസ് കുട്ടികള്‍ക്കായി നടത്തിയ പരീക്ഷയില്‍ 92 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയാണ് റാങ്ക് ജേതാക്കളായത്.

വളരെ ചിട്ടയോടുകൂടെ ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെട്ട ഈ പരീക്ഷക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെ ഫലം പ്രഖ്യാപിക്കാന്‍ നേതൃത്വം നല്‍കിയ റവ. ഫാ. സജി മര്‍ക്കോസ്, റവ. ഡീക്കന്‍ വിവേക് അലക്സ്, ഡോ. റോബിന്‍ ചിറക്കല്‍, റെജി ടി. വര്‍ഗീസ്, സണ്‍ഡേ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, പരിശീലനം നല്‍കിയ അധ്യാപകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനി നന്ദി പറഞ്ഞു.

ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് കരസ്ഥമാക്കിയവരേയും വിജയികളായ എല്ലാ വിദ്യാര്‍ഥികളേയും തിരുമേനി പ്രത്യേകം അഭിനന്ദിച്ചതായും അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ