'പ്രൈസ് ലെസ്' മികച്ച ഹ്രസ്വ ചിത്രം
Monday, March 10, 2014 6:28 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റിവലിനോട് അനുബന്ധിച്ച് നടത്തിയ യുഎഇ തല ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ 'പ്രൈസ് ലെസ്' മികച്ച ഹ്രസ്വ സിനിമയായി തെരെഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം ഇതേ ചിത്രത്തിലൂടെ സനല്‍ തൊണ്ടില്‍ നേടി. രൂപേഷ് തിക്കോടി സംവിധാനം ചെയ്ത 'ഇസം' മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തു.

'പ്രൈസ് ലെസ്' ലെ പ്രകടനത്തിലൂടെ അഫ്താഫ് ഖാലിദ് മികച്ച നടനായും 'പ്രണയ കാലം' എന്ന ചിത്രത്തിലെ അഭിനയത്തിന് മെറിന്‍ മേരി ഫിലിപ്പ് മികച്ച നടിയായും തെരെഞ്ഞെടുത്തു.

ബഷീര്‍ മേച്ചേരിയുടെ പൂമ്പാറ്റയുടെ ജീവന്‍ എന്ന കഥയെ ആസ്പദമാക്കി എടുത്ത പൂമ്പാറ്റ എന്ന ചിത്രത്തില്‍ അക്കുവായി വന്ന ആദിത്യ ഷാജിയാണ് ബാലതാരം. തിരക്കഥ രൂപേഷ് തിക്കോടി (ഇസം), ഛായാഗ്രഹണം സുദീപ് (പ്രൈസ് ലെസ്) പശ്ചാതല സംഗീതം സാജന്‍ റാം (ഇസം), എഡിറ്റിംഗ് ; ജിസ് ജോസഫ് (പൂമ്പാറ്റ), പ്രത്യേക ജൂറി പുരസ്ക്കാരത്തിന് മേതില്‍ കോമളന്‍ കുട്ടി സംവിധാനം ചെയ്ത പടവുകള്‍, അഭിനയത്തിനു മുഹമ്മദ് അസ്ലം (അഭിനവപര്‍വം) ബാലതാരം ബ്രിട്ടോ രാഗേഷ് (മവാഖിഫ്) എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍.

19 ചിത്രങ്ങളാണ് മല്‍സരത്തിന് ഉണ്ടായിരുന്നത്. വിഷയങ്ങളുടെ വൈവിധ്യംകൊണ്ട് ഒട്ടു മിക്ക ചിത്രങ്ങളും ശ്രദ്ധേയമായി. പ്രശസ്ത സിനിമാ നിരൂപകന്‍ വി.കെ ജോസഫ്, ഛായാഗ്രാഹകന്‍ എ.ആര്‍ സദാനന്ദന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര വിജയികളെ തെരെഞ്ഞെടുത്തത്. ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച കളിയച്ഛന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഫാറൂക് അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു

അന്താരാഷ്ട്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റും സമാന്തര സിനിമകളുടെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറവും ശ്രദ്ധേയമായി. കെ.കെ മൊയ്തീന്‍ കോയ ഫെസ്റിവല്‍ ഉദ്ഘാടനം ചെയ്തു. ന്യൂട്ടന്‍ മുതല്‍ ലൂമിയര്‍ വരെയുള്ള ചരിതഗാഥ വിവരിക്കുന്ന 'ചലച്ചിത്രത്തിലെക്കൊരു നടപ്പാത' പോസ്റര്‍ പ്രദര്‍ശനവും ജെ.സി ഡാനിയല്‍ മുതല്‍ മോഹന്‍ രാഘവന്‍ വരെയുള്ള 'മണ്‍മറഞ്ഞ നമ്മുടെ സംവിധായകര്‍' എന്ന പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള