ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രവാസി നേതാക്കളില്‍ സമ്മിശ്ര പ്രതികരണം
Monday, March 10, 2014 6:27 AM IST
റിയാദ്: ഏപ്രിലില്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും കേരളത്തിലെ ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചും പ്രവാസി നേതാക്കള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍. ഏപ്രില്‍ 10 ന് നടക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഇനിയും തെളിഞ്ഞിട്ടില്ലെങ്കിലും ഇരുമുന്നണികളും ബിജെ.പിയും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ

കാര്യത്തില്‍ ഇരുട്ടില്‍ തപ്പുന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇരു മുന്നണികളും പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകളില്‍ പലരും പൊതു സമ്മതിയുള്ളതോ വിജയ സാധ്യതയുള്ളതോ അല്ല എന്ന് പരസ്പരം കുറ്റപ്പെടുത്തുന്നു.

സിപിഎം, കോഴിക്കോട് ഒഴികെ പരിഗണിക്കുന്ന മിക്ക സ്ഥാനാര്‍ഥികളും ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതികളുമാണെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്വി അര്‍ശുല്‍ അഹമ്മദ് കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ യുഡിഎഫ് കേരളത്തില്‍ ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന അഭിപ്രായക്കാരനാണ് അര്‍ശുല്‍ അഹമ്മദ്. എന്നാല്‍ കേരളത്തില്‍ എക്കാലവും മണ്ഡലങ്ങളിലെ വിജയ സാധ്യത കണക്കിലെടുത്താണ് സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളതെന്നും ഇത്തവണയും അതേ മാനദണ്ഡത്തില്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫിന് മികച്ച വിജയം കൊണ്ടുവരുമെന്നുമാണ് നവോദയ റിയാദിന്റെ കുമ്മിള്‍ സുധീര്‍ വിലയിരുത്തിയത്. ഫാ. വടക്കനും ലോനപ്പന്‍ നമ്പാടനും ടി.കെ ഹംസയും അബ്ദുള്ളക്കുട്ടിയും സെബാസ്റ്യന്‍ പോളും ഈ തീരുമാനങ്ങളുടെ ഭാഗമായാണ് ഓരോ കാലഘട്ടത്തിലും സിപിഎം സ്ഥാനാര്‍ഥികളായതെന്നും അന്നെല്ലാം ഇതില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്െടന്നും സുധീര്‍ പറഞ്ഞു.

സമീപകാലത്ത് ഇടതുപക്ഷം നടത്തിയ എല്ലാ ജനകീയ സമരങ്ങളും പരാജയപ്പെട്ടതു പോലെ സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ ഷീബാ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കഴിവുള്ള വനിതകളെ കൈപിടിച്ചുയര്‍ത്താനും അധികാരത്തില്‍ പങ്കാളികളാക്കുന്നതിനും സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതിനും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യാ രാജ്യത്തെ സ്ത്രീ സമൂഹം യുപിഎ സഖ്യത്തെ പിന്താങ്ങുമെന്നും ഷീബ രാമചന്ദ്രന്‍ പറഞ്ഞു. സമീപകാല സംഭവങ്ങളും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വിലയിരുത്തുമ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങള്‍ കേരളത്തിലടക്കം ശക്തമായി പ്രതികരിക്കുമെന്നാണ് നിഷ്പക്ഷമായി നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനായ നരേന്ദ്രന്‍ ചെറുകാട് പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുന്നതോടൊപ്പം കേന്ദ്രത്തില്‍ ബിജെ.പി നേതൃത്വം നല്‍കുന്ന ഒരു മുന്നണി അധികാരത്തില്‍ വരാനാണ് സാധ്യത. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വരുന്ന മുന്നണിയുടെ പ്രധാനമന്ത്രി ഇപ്പോള്‍ ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്രമോഡിക്ക് പകരം എല്‍.കെ അഡ്വാനി ആകാനാണ് സാധ്യതയെന്നും നരേന്ദ്രന്‍ വിലയിരുത്തി.

നരേന്ദ്രമോഡിയുടെ ദിവാസ്വപ്നം പാഴാകുമെന്നും ബിജെപിക്കോ അവരെ പിന്തുണക്കുന്നവര്‍ക്കോ കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് യു.പി മുസ്തഫ പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്തുമെന്നും മുസ്തഫ പറഞ്ഞു. കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാനും എല്‍ഡിഎഫ് വിടാനും തീരുമാനിച്ച ആര്‍എസ്പി യുടെ തീരുമാനം ധീരമാണെന്നും എല്‍ഡിഎഫിലെ അന്തഛിദ്രത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും ഒഐസിസി നേതാവ് ഷാജി കുന്നിക്കോട് അഭിപ്രായപ്പെട്ടു. കൊല്ലം സീറ്റില്‍ എം.എ ബേബി മത്സരിച്ചാലും യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും ഷാജി പറഞ്ഞു. അ

ടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഴിമതിരഹിത ഭരണം ഉറപ്പ് നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ കക്ഷിയോടൊപ്പമായിരിക്കും ഇന്ത്യയിലെ സാധാരണ ജനവിഭാഗമെന്നും അതിന് അല്‍പ്പമെങ്കിലും വിശ്വാസമര്‍പ്പിക്കാവുന്ന കക്ഷി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയാണെന്നും സാമൂഹ്യ പ്രവര്‍ത്തകനായ ഷമീര്‍ കണിയാര്‍ പറഞ്ഞു.

പ്രവാസി സമൂഹം രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ ഏറെ വ്യാകുലരാണ്. അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ബിജെപി എന്നോ വ്യത്യാസമില്ലാതെ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നതാണ് അനുഭവസാക്ഷ്യമെന്ന് അവര്‍ വിലയിരുത്തുന്നു. ഇതിനെതിരെ ഒരു ജനകീയ ഐക്യം രൂപപ്പെട്ടാല്‍ തീര്‍ച്ചയായും നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളെ ജനങ്ങള്‍ തിരസ്കരിച്ച് പുതിയ ഒരു രാഷ്ട്രീയ ബദലിനെ പിന്തുണക്കുമെന്നും പ്രവാസി സമൂഹം അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ നിലവിലെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അഴിമതിരഹിതരും പൊതുജനങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ പൊതുപ്രവര്‍ത്തകര്‍ കടന്നു വരണം. അതിനായുള്ള ശക്തമായ ഒരു അഭിപ്രായ സമര്‍പ്പണം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്നുണ്ടാകുമെന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭിച്ചശേഷം നടക്കുന്ന ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്ന പ്രവാസി സമൂഹം വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍