കേരള സമാജം പ്രസിഡന്റ് ജോയി ആന്റണി ഫോമയുടെ ട്രഷറര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു
Monday, March 10, 2014 4:16 AM IST
മയാമി: ഫോമയുടെ 2014-16 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ പ്രസിഡന്റ് ജോയി ആന്റണിയെ സമാജം ഐക്യകണ്ഠ്യേന നിര്‍ദേശിച്ചു. കേരള സമാജത്തിന്റെ മുന്‍ സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുള്ള ജോയി 2007-ല്‍ മയാമിയില്‍ വെച്ച് നടന്ന അഞ്ചാമത് സീറോ മലബാര്‍ കാത്തലിക് കണ്‍വന്‍ഷന്റെ ജോയിന്റ് ട്രഷററായും നിസ്തുല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അക്കൌണ്ടിംഗിലും ഫൈനാന്‍സിംഗിലും മാസ്റര്‍ ബിരുദത്തോടൊപ്പം മുപ്പതുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള ഇദ്ദേഹം കഴിഞ്ഞ പത്തുവര്‍ഷമായി കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ചിന്റെ അക്കൌണ്ടന്റായി നിസ്തുല സേവനം അനുഷ്ഠിക്കുന്നു.

നേഴ്സിംഗ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ മാസ്റര്‍ ബിരുദധാരികൂടിയായ ജോയി ആന്റണി സൌത്ത് ഫ്ളോറിഡയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ സിസ്റമായ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നേഴ്സ് മാനേജരായി ജോലി ചെയ്യുന്നു.

സംഘടനാ രംഗത്തും, തൊഴില്‍ രംഗത്തും ശക്തമായ നേതൃത്വവും, സമര്‍പ്പണവും തെളിയിച്ചിട്ടുള്ള ജോയി ആന്റണി ഫോമയുടെ നേതൃരംഗത്ത് വരുന്നത് ഫോമയ്ക്കും, ഫോമയുടെ 2016-ലെ ഫ്ളോറിഡാ കണ്‍വന്‍ഷനും ഒരു മുതല്‍ക്കൂട്ടാണെന്ന് കേരളം സമാജം വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം