അഖില ലോക വനിതാ പ്രാര്‍ഥനാ ദിനം 2014; ആത്മീയ നിറവിന്റെ വന്‍ അനുഭവമായി മാറി
Saturday, March 8, 2014 8:12 AM IST
ഡാളസ്: സര്‍വദേശീയ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന 'അഖിലലോക വനിതാ പ്രാര്‍ഥനാദിനം 2014' നോടനുബന്ധിച്ച്, ഡാളസ് മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി മാര്‍ച്ച് ഒന്നിന് നൂറുകണക്കിന് വനിതകള്‍ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ലോകനന്മയെ ലക്ഷ്യമാക്കി ഒത്തു കൂടി. തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഒരു പുത്തന്‍ ഉണര്‍വ് പകര്‍ന്നു കൊടുത്ത ആത്മീയ നിറവിന്റെ വലിയൊരനുഭവമായി മാറി.

സംഘര്‍ഷഭരിതമായ ഇന്നത്തെ ലോക സാഹചര്യങ്ങളില്‍, വിവിധ പ്രശ്നങ്ങളാല്‍ യാതന അനുഭവിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പൊതുപ്രാര്‍ഥനയിലൂടെ ആശ്വാസം പകരുന്നതിനായി 170 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യവാരത്തിലെ ഒരു ദിവസം പൊതുപ്രാര്‍ഥനാദിനമായി ആചരിച്ചുവരുന്നു. 'മരുഭൂമിയിലെ നീരുറവ' എന്ന വിഷയത്തിലൂടെ ഈജിപ്ഷ്യന്‍ ജനതയുടെ സംഘര്‍ഷങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഇന്നത്തെ ജീവിത സാഹചര്യം വി. വേദപുസ്തക തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂസന്‍ തമ്പാന്‍ അവതരിപ്പിച്ച പ്രഭാഷണം ശ്രോതാക്കളുടെ മനസിനെ തൊട്ടുണര്‍ത്തുന്നവയായിരുന്നു.

രാവിലെ ഒമ്പതിന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ വൈദീകരുടെയും മറ്റു വിശിഷ്ട അതിഥികളുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി തിരി തെളിയിച്ച് പ്രാര്‍ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി വെരി റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പാ സ്വാഗതമാശംസിച്ചു. ജെനീഫര്‍ ഫീലിപ്പോസ് എംസിയായിരുന്നു.

ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ മാഹാത്മ്യത്തെ അനുസ്മരിച്ചുകൊണ്ട് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ യൂത്ത് അവതരിപ്പിച്ച ഈജിപ്ഷ്യന്‍ ആവിഷ്കാരം മികവുറ്റതായി. ഈജിപ്ഷ്യന്‍ ജനതയുടെ സംസ്കാരത്തെകുറിച്ച് ബിന്ദു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ സ്ളൈഡ് ഷോയും ശ്രദ്ധേയമായി ഈജിപ്ഷ്യന്‍ ജനതയുടെ അവസ്ഥയെകുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചും റവ.ഫാ.ആന്‍ഡ്രൂ ക്വാലില്‍ നടത്തിയ പ്രഭാഷണം നടത്തി. റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍ 2015 ലെ ബിസിനസ് സെഷന്‍ മോഡറേറ്ററായിരുന്നു. 2015 ലെ പ്രോഗ്രാം കണ്‍വീനറായി ബെറ്റ്സി തോട്ടയ്ക്കാട്ട് (സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കരോള്‍ട്ടണ്‍) തെരെഞ്ഞെടുക്കപ്പെട്ടു. പരിപാടിയുടെ ആദ്യവസാനം, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഗായകസംഘം മോളി വെട്ടിക്കാട്ടിലിന്റെ, നേതൃത്വത്തില്‍ ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പ്രോഗ്രാമിന് കൂടുതല്‍ കൊഴുപ്പേകി. മേഴ്സി അലക്സ് സദസിന് നന്ദി പറഞ്ഞു.

കണ്‍വീനര്‍ എലിസബത്ത് ജോര്‍ജിന്റേയും കോഓര്‍ഡിനേറ്റര്‍, മേഴ്സി അലക്സിന്റേയും നേതൃത്വത്തില്‍ വളരെ ചിട്ടയോടും ക്രമമായും നടത്തിയ വിപുലമായ ക്രമീകരണങ്ങളും ഏവരുടെയും ആത്മാര്‍ഥമായ സഹകരണവും പരിപാടിയുടെ വന്‍ വിജയത്തിന് ഏറെ സഹായകരമായി. സ്നേഹവിരുന്നോടെ യോഗനടപടികള്‍ അവസാനിച്ചു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍