അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു
Saturday, March 8, 2014 6:12 AM IST
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2014 ഫെബ്രുവരി അവസാനിച്ചപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയര്‍ന്നതായി യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ച് ഏഴിന് (വെള്ളി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലേബര്‍ ഫോഴ്സില്‍ റജിസ്റര്‍ ചെയ്യുന്ന തൊഴില്‍ അന്വേഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നു. ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു.

2014 ഫെബ്രുവരിയില്‍ മാത്രം 175,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഒരു വശത്ത് വര്‍ധിക്കുമ്പോള്‍ അമേരിക്കന്‍ സാമ്പത്തികരംഗം സാവകാശം ശക്തിപ്രാപിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗതയുള്ള 33,000 പേര്‍ക്ക് ഫെബ്രുവരിയില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഞ്ഞു വീഴ്ച തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിരുന്നു. തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുവാന്‍ ഇതു കാരണമായെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍