ഭീകരവാദ സംഘടനകളുടെ പേരുകള്‍ സൌദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു
Saturday, March 8, 2014 6:11 AM IST
ദമാം: ഭീകരവാദ സംഘടനകളുടെ പേരുകള്‍ സൌദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. അല്‍ഖായിദ, ദായിഷ്, ഹിസ്ബുള്ളാ, ജമാഅത്തുല്‍ ഇഹ്വാന്‍, ജമാഅത്തുല്‍ ഹൂത്തി എന്നിവ ഭീകരവാദ സംഘടനകളാണെന്ന് സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജകല്‍പ്പന പ്രകാരം സൌദി ആഭ്യന്തര മന്ത്രാലയം വിദേശ മന്ത്രാലയം, ഇസ് ലാമിക് പ്രബോധന വിഭാഗം, നീതികാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളില്‍നിന്നുള്ള പ്രതിനിധികളടങ്ങുന്ന പ്രത്യേക സമിതിയാണ് മേഖലയിലും അന്താരാഷ്ട്ര രംഗത്തും പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെയും ഗ്രൂപ്പുകളേയുംകുറിച്ച് പഠനം നടത്തിയത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളുടെ വിവിരം പുറത്തിറക്കിയത്. സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് ഭരണാധികാരി അബ്ദുള്ള രാജാവിന് സമര്‍പ്പിക്കുകയും രാജാവ് അംഗീകരിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഈ ഗ്രൂപ്പുകളും സംഘടനകളുമായി സ്വദേശികളോ, വിദേശികളോ പ്രവര്‍ത്തിക്കുകയോ നില കൊള്ളുകയോ ചെയ്യുന്നത് ഭീകരവാദ കുറ്റം ചുമത്തപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്‍ പത്ര മാധ്യമങ്ങളോ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളോ ഇന്റര്‍നെറ്റ് സൈറ്റുകളോ ഈ ലക്ഷ്യം വച്ച് ഉപയോഗിക്കുന്നതു കുറ്റത്തില്‍ ഉള്‍പ്പെടും.

സൌദിക്കകത്തോ, പുറത്തോ ഉള്ള ഇത്തരം ഗ്രൂപ്പുകള്‍ക്കോ, സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ, പണമായോ മറ്റ് തരത്തിലോ സഹായം നല്‍കിയാല്‍ ഭീകരവാദ കുറ്റം ചുമത്തപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സംഘടനകളുടെ യോഗത്തിലോ സെമിനാറുകളിലോ പങ്കെടുത്താലും ഭീകരവാദ കുറ്റം ചമത്തപ്പെടും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം