ഡിസിഎം സിബി ജോര്‍ജിന് പ്രവാസലോകത്തിന്റെ അഭിനന്ദനപ്രവാഹം
Saturday, March 8, 2014 6:10 AM IST
റിയാദ്: കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ മികച്ച ഇന്ത്യന്‍ നയതന്ത്രജ്ഞനുള്ള എസ്.കെ സിംഗ് അവാര്‍ഡ് നേടിയ റിയാദ് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജിന് പ്രവാസി ഇന്ത്യക്കാരുടെ അഭിനന്ദന പ്രവാഹം.

അര്‍ഹതക്കുള്ള അംഗീകാരമാണ് സിബി ജോര്‍ജിന് ലഭിച്ചതെന്നും വിദേശങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള എംബസി ഉദ്യോഗസ്ഥന്മാര്‍ക്കും മാതൃകയാണെന്നും അവര്‍ പറഞ്ഞു.
സൌദി അറേബ്യയില്‍ നിതാഖാത്ത് തൊഴില്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് സാവകാശം നല്‍കിക്കൊണ്ട് വിദേശികള്‍ക്ക് ലഭിച്ച ഏഴു മാസത്തെ പൊതുമാപ്പ് കാലയളവില്‍ അംബാസഡര്‍ ഹാമിദലി റാവുവിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ സമൂഹത്തേയും വോളന്റിയര്‍മാരേയും ഒന്നിച്ചു നിര്‍ത്തി ഡിസിഎം ചെയ്ത വിശ്രമമില്ലാത്ത സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇളവ് കാലയളവിനുള്ളില്‍ മുഴുവന്‍ അനധികൃത താമസക്കാരേയും നാട്ടിലയക്കാനോ രേഖകള്‍ ശരിപ്പെടുത്തി വിവിധ കമ്പനികളില്‍ നിയമാനുസൃതം ജോലിക്ക് നിയമിക്കാനോ സാധിച്ചത് വലിയ നേട്ടമാണ്.

ഇതെല്ലാം വിലയിരുത്തിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന സമിതിയാണ് പ്രഗത്ഭനായ നയതന്ത്രജ്ഞനായിരുന്ന ശൈലേന്ദ്ര കുമാര്‍ സിംഗിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ സിബി ജോര്‍ജിന് നല്‍കാന്‍ തീരുമാനിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് സിബി ജോര്‍ജിന് അവാര്‍ഡ് സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നയതന്ത്രജ്ഞര്‍ ചടങ്ങില്‍ പങ്കെടുത്തു. 1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി ജോര്‍ജജ് ഒന്നര വര്‍ഷം മുന്‍പാണ് റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായി ചാര്‍ജെടുത്തത്.

റിയാദ് ഇന്ത്യന്‍ എംബസില്‍ ചലനാത്മകമായ മാറ്റങ്ങളുണ്ടാക്കിയ നയതന്ത്രജ്ഞനാണ് സിബി ജോര്‍ജ് എന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമായ നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിലൂടെ ഇന്ത്യന്‍ എംബസിയിലെ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നത് ഏറെ സുതാര്യമാക്കാന്‍ ഡിസിഎം എന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചതായി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് വിലയിരുത്തി. ഇന്ത്യന്‍ എംബസിക്കും സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഇടനിലക്കാരായി നിന്ന് പണം കൊയ്തിരുന്ന ആളുകളെ കര്‍ശനമായി നിയന്ത്രിക്കാന്‍ സിബി ജോര്‍ജ് നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണെന്ന് ഒഐസിസി പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു. ഇനിയും വലിയ അംഗീകാരങ്ങള്‍ സിബി ജോര്‍ജിന് ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഫോര്‍ക്ക ചെയര്‍മാന്‍ സാമുവല്‍ സൌദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നല്‍കുമെന്ന് പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഏതു സമയത്ത് കയറി ചെല്ലാവുന്ന ഓഫീസായി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്റെ ഓഫീസ് മാറിയത് സിബി ജോര്‍ജ് ചാര്‍ജെടുത്ത ശേഷമാണ്. ഇളവ് കാലഘട്ടത്തില്‍ രാത്രിയും പകലുമില്ലാതെ വോളന്റിയര്‍മാരോടും ഉദ്യോഗസ്ഥരോടുമൊപ്പം ജോലി ചെയ്ത സിബി ജോര്‍ജ് ഇത്തരം അംഗീകാരങ്ങള്‍ക്ക് എന്തുകൊണ്ടും അര്‍ഹനാണ്. എസ്.കെ സിംഗ് പുരസ്കാരം ലഭിച്ച സിബി ജോര്‍ജിനെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്ത്യന്‍ എംബസി വോളന്റിയര്‍മാരായ ഷാജി ആലപ്പുഴ, നാസര്‍ കല്ലറ, ഷമീര്‍, തെന്നല മൊയ്തീന്‍ കുട്ടി, മുനീബ് പാഴൂര്‍ മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അഹമ്മദ് ഇംതിയാസ് തുടങ്ങിയവര്‍ പറഞ്ഞു.

സൌദി അറേബ്യയിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിന്റേയും കൂട്ടായ ശ്രമങ്ങളാണ് നിതാഖാത്ത് ഇളവ് കാലയളവില്‍ വിജയം കൈവരിക്കാന്‍ എംബസിക്ക് സാധിച്ചതെന്നും തനിക്ക് കിട്ടിയ അംഗീകാരം ഇവര്‍ക്കെല്ലാമുള്ള അംഗീകാരമാണെന്നും സിബി ജോര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍