മഞ്ജു സണ്ണിക്ക് 'ബെസ്റ് അറ്റോര്‍ണി' പുരസ്കാരം
Saturday, March 8, 2014 3:54 AM IST
ന്യൂയോര്‍ക്ക്: 2013-ലെ ഏറ്റവും മികച്ച സ്റാറ്റന്‍ഐലന്റ് അറ്റോര്‍ണിക്കുള്ള പുരസ്കാരത്തിന് മഞ്ജു സണ്ണി അര്‍ഹയായി. കുട്ടികളുടെ പ്രത്യേക ക്ഷേമ-സംരക്ഷണ ചുമതലയുള്ള “അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ചില്‍ഡ്രന്‍സ് സര്‍വീസ് (എ.സി.എസ്) എന്ന ഏജന്‍സിയാണ് ഈ ബഹുമതിക്ക് മഞ്ജുവിനെ തെരഞ്ഞെടുത്തത്. ഡിസംബര്‍ നാലിന് നടന്ന ഒരു പ്രത്യേക സ്വീകരണ സമ്മേളനത്തില്‍ വെച്ച് എ.സി.എസ് കമ്മീഷണര്‍ റൊണാള്‍ഡ് ഇ. റിച്ചര്‍, ഡപ്യൂട്ടി കമ്മീഷണര്‍ അലന്‍ ഡബ്ള്യു സ്പാര്‍ട്സ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

ഹോഫ്സ്റെറാ ലോ സ്കൂളില്‍ നിന്നും ബിരുദം നേടിയ മഞ്ജു ഉടന്‍തന്നെ അഭിഭാഷകയായി. ബ്രൂക്ക്ലിനില്‍ പ്രാക്ടീസ് ആരംഭിച്ച മഞ്ജുവിന് ഇക്കഴിഞ്ഞവര്‍ഷമാണ് സ്റാറ്റന്‍ഐലന്റിലേക്ക് നിയമനം ലഭിച്ചത്.

അഭിഭാഷകയായുള്ള തന്റെ പ്രാഗത്ഭ്യം കുടുംബ കോടതി ജഡ്ജിമാരുടെ മുന്നില്‍ തെളിയിച്ച മഞ്ജു സണ്ണി ഏകദേശം നൂറോളം കേസുകളാണ് ഒരേസമയം കൈകാര്യം ചെയ്തിരുന്നത്. അവഗണനയും പീഡനവും അനുഭവിക്കുന്ന പിഞ്ചുകുട്ടികളുടെ ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി വാദിക്കുന്ന ഈ അഭിഭാഷക മുതിര്‍ന്ന ന്യായാധിപന്മാരുടേയും അഭിഭാഷകരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ചുരുങ്ങിയ കാലംകൊണ്ട് ഇത്ര വലിയ ഒരു ബഹുമതി കരസ്ഥമാക്കിയ മഞ്ജുവിനെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു.

സാംസ്കാരിക-സാമൂഹ്യ-സമുദായ മണ്ഡലങ്ങളില്‍ പ്രശസ്തനായ സണ്ണി കോന്നിയൂരാണ് മഞ്ജുവിന്റെ പിതാവ്. ഗ്രന്ഥകാരിയും അദ്ധ്യാപികയുമായ സിസിലി സണ്ണി മാതാവ്. ഏക സഹോദരന്‍ മാര്‍ട്ടിന്‍ സണ്ണി ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം