ഹൂസ്റണ്‍: ഗ്രെയ്റ്റര്‍ ഹൂസ്റണിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ മാര്‍ച്ചിലെ സമ്മേളനം രണ്ടിന് (ഞായര്‍) വൈകുന്നേരം നാലിന് ഹൂസ്റണിലെ പ്രവാസി പത്രം ഓഫീസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 'ശരിയും സത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി തോമസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മലയളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം സമ്മേളനത്തെക്കുറിച്ചും അവതരണ വിഷയത്തെക്കുറിച്ചും ലഘുവിവരണം നല്‍കിക്കൊണ്ട് ഏവരേയും സ്വാഗതം ചെയ്തു.
സമ്മേളനത്തിന്റെ തുടക്കമായി ജോസഫ് തച്ചാറ 'മൃതിസ്മരണ' എന്ന അദ്ദേഹത്തിന്റെ കവിത വളരെ സംഗീതാത്മകമായി അവതരിപ്പിച്ചു. ജീവിതത്തിന്റെ നിത്യസത്യമായ മരണത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ ആരും ഉണ്ടാകില്ല. അത്തരത്തിലുള്ള ഒരാളുടെ ചിന്താമണ്ഡലത്തിലൂടെ കടന്നുപോകുന്ന ചിതറിയ ചിന്തകള്‍ തച്ചാറയുടെ തൂലികയില്‍ കവിതയായി വിടരുകയായിരുന്നു. ദ്വിതിയാക്ഷരപ്രാസം ഓര്‍മ്മയില്‍ മാത്രം ഒതുങ്ങുന്ന ഇക്കാലത്ത് ആ രീതിയില്‍ കവിത എഴുതാനുള്ള ഒരു ശ്രമംകൂടി ഈ കവിതയില്‍ കാണാന്‍ കഴിഞ്ഞു. അതോടൊപ്പം ഈണത്തില്‍ ചൊല്ലാവുന്ന പദപ്രയോഗങ്ങളും കവിതക്ക് പ്രത്യേകം ചാരുത പകര്‍ന്നു.
തുടര്‍ന്ന് തോമസ് കളത്തൂര്‍ 'ശരിയും സത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. എന്താണ് ശരി, എന്താണ് സത്യം എന്ന എക്കാലത്തേയും അന്വേഷണവിഷയമായി അവശേഷിക്കുന്ന വിഷയങ്ങളുടെ ആവരണങ്ങളഴിച്ച് ആന്തരിക സത്യം വെളിപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ പ്രഭാഷകന്‍ നിര്‍വഹിച്ചത്. അതിന് അദ്ദേഹം വേദോപനിഷത്തുകളിലെയും, ക്രിസ്തീയ-ഹൈന്ദവ മതങ്ങളിലെയും പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചാണ് പ്രഭാഷണം നടത്തിയത്.
മൌലിക സത്യമാണ് ദൈവം. 'ശരി' പരിവര്‍ത്തന വിധേയമെങ്കിലും അതിന്റെ മൌലികത സത്യത്തില്‍ അധിഷ്ഠിതമാണ്. 'സത്യം ജ്ഞാനമനന്തം ബ്രഹ്മഃ' എന്നാണ് സച്ചിദാനന്ദസ്വരൂപം. സത്യത്തിന് അതായത് ഈശ്വരന് പരിവര്‍ത്തനമില്ല. 'സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കുമാകുന്നു.' (ബൈബിള്‍. റോമര്‍ 11.36). എന്നാല്‍ ദൈവത്തെ അന്വേഷിച്ച മനുഷ്യന്റെ പരിമിതികളും സ്ഥാപിത താല്പര്യങ്ങളും പരംപൊരുളായ പരമാത്മാവിന് പല രൂപവും ഭാവവും അലങ്കാരവും നല്കി. ജനിച്ചാല്‍ മരണം നിശ്ചയമെന്നപോലെ ചലിക്കുന്നവ നിശ്ചലമാകുന്നു. നിശ്ചലമാകുന്നവ വിലയം പ്രാപിച്ച് അപ്രത്യക്ഷമാകുന്നു. ചലനം ആദിയുടെ കാരണമാണ്. അതിനാല്‍ സൃഷ്ടിക്കു മുമ്പേ ചലനമുണ്ടായിരുന്നു. ആദിയും അന്തവുമില്ലാത്ത ചലനം ഉല്പത്തിക്കു കാരണമായ നാദബ്രഹ്മമാണ്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ വേദാന്തചിന്താപരവും അന്വേഷണാത്മകവുമായ പ്രഭാഷണം മുന്നേറി.
തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. ജോര്‍ജ് ഏബ്രഹാം, പൊന്നു പിള്ള, തോമസ് തൈയില്‍, ജോസഫ് മണ്ഡപത്തില്‍, ജി. പുത്തന്‍കുരിശ്, തോമസ് വര്‍ഗീസ്, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ജെയിംസ് ചാക്കൊ, തോമസ് അലക്സാണ്ടര്‍, സജി പുല്ലാട്, ഏബ്രഹാം പത്രോസ്, അനിയന്‍കുഞ്ഞ് ഭാസ്ക്കരന്‍, ഓമന ഭാസ്ക്കരന്‍, മാത്യു പന്നപ്പാറ, ഷിജു ജോര്‍ജ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ജെയിംസ് ചാക്കൊയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (ംംം.ാമിിശരസമൃീൌ.ില), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.