മുസാമിയ അപകടത്തില്‍ പരിക്കേറ്റ നിഷയും മരിച്ചു
Friday, March 7, 2014 5:48 AM IST
റിയാദ്: ഉംറ നിര്‍വഹിച്ചു മടങ്ങുന്നതിനിടെ റിയാദിന് സമീപം മുസാമിയ്യയില്‍ നടന്ന കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഷ അബ്ദുള്‍ ലത്തീഫ് (27) വ്യാഴാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങി.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നിഷയുടെ ഭര്‍ത്താവ് കേദാക്കര്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ പിതാവ് അബ്ദുറഹ്മാന്‍ അറബി, മാതാവ് ആയിശാബി, ഇളയ മകന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ അപകട സ്ഥലത്തുതന്നെ മരണമടഞ്ഞിരുന്നു. ഇവര്‍ നാലു പേരുടേയും മൃതദേഹം വ്യാഴാഴ്ച അസര്‍ നമസ്കാരാനന്തരം ഉമ്മുല്‍ഹമാം ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമായി വന്‍ ജനാവലി മയ്യത്ത് നമസ്കാരത്തിനായി ഉമ്മുല്‍ഹമാം പള്ളിയിലെത്തിയിരുന്നു. അബ്ദുള്‍ ലത്തീഫിന്റെ ദുബായിലുള്ള സഹോദരന്‍ സിറാജ്, മുസ്ലിം ലീഗ് നേതാവ് ബഷീറലി ശിഹാബ് തങ്ങള്‍, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് തുടങ്ങി നിരവധി പേര്‍ പള്ളിയിലും ഖബറിസ്ഥാനിലുമെത്തിയിരുന്നു.

കാസര്‍കോഡ് കുമ്പള ഉദിനൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫിന്റെ മതാവും പിതാവും ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉമ്ര നിര്‍വഹിക്കുന്നതിനായി അവരോടൊപ്പം പുറപ്പെട്ട കുടുംബം മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റിലിടിച്ച് മറിയുകയായിരുന്നു. 9 പേര്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന ലത്തീഫിന്റെ മകള്‍ ആയിശ ലുബാന്‍, മുഹമ്മദ് ലിയാന്‍, ഭാര്യാ സഹോദരന്‍ നിസാര്‍, ബന്ധുവായ ഹാരിസ് എന്നിവര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളിലായിരുന്നു. ഒലയ്യയിലെ സുലൈമാന്‍ ഹബീബ് ആശപത്രിയിലുള്ള ലത്തീഫിന്റെ മക്കളായ ആയിശ ലുബാന്‍, മുഹമ്മദ് ലിയാന്‍ എന്നിവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ ഉടനെ നാട്ടിലേക്ക് അയയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അപകട വിവരം അറിഞ്ഞതു മുതല്‍ എല്ലാ സഹായങ്ങളുമായി കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയും അബ്ദുള്‍ലത്തീഫ് ജോലി ചെയ്തിരുന്ന ന്യൂസനയ്യയിലെ ഫസാ ഇന്റസ്ട്രിയല്‍ കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ ഗഫൂര്‍ ബന്ധുക്കളോടൊപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍