'കുട്ടികളുടെ തിരോധാനവിഷയങ്ങളില്‍ സംഘടനകള്‍ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കണം'
Friday, March 7, 2014 5:24 AM IST
ന്യൂയോര്‍ക്ക്: ഇടയ്ക്കിടെ ഉണ്ടാകുന്ന മലയാളി സഹോദരങ്ങളുടെ തിരോധാനത്തില്‍ മലയാളി സംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അഭ്യര്‍ഥിച്ചു.

ഈ അടുത്തകാലത്തായി ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫ്ളോറിഡ എന്നീ സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ അപ്രത്യക്ഷരാകുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ കുടിയേറിപാര്‍ക്കുന്ന നമുക്ക് ഏറെ പ്രയാസം ഉളവാക്കിയിട്ടുള്ള ഒന്നാണ്. അവരില്‍ ചില മലയാളി സഹോദരങ്ങളെക്കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും ദുഃഖകരമായ സത്യമായി അവശേഷിക്കുന്നു. അതുപോലെതന്നെ ഇതിനുമുമ്പ് അപ്രത്യക്ഷരായ പലരെക്കുറിച്ചുമുള്ള വിവരങ്ങള്‍ കണ്െടത്തുന്നതിനും കഴിഞ്ഞിട്ടില്ല. പല കേസുകളും നേരാംവണ്ണം അന്വേഷിക്കുന്നതില്‍ നമ്മുടെ അധികാരികള്‍ അലംഭാവം കാട്ടുകയും ചില അവസരങ്ങളില്‍ നിസംഗരാവുകയും ചെയ്യുന്നു. ഭാവിയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ നമ്മുടെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടാകാതിരിക്കുന്നതിനായി നമ്മുടെ ജനങ്ങളില്‍ ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണ്. ഈ വിഷയം സംഘടനാപരമായും സാമുദായികപരമായും കൂട്ടുത്തരവാദിത്വത്തോടെ നാം ഏറ്റെടുക്കണമെന്ന് മലയാളി സമൂഹത്തെ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.

മക്കളുടെയും കുടുംബാംഗങ്ങളുടെയും തിരോധാനത്തില്‍ മനംനൊന്തു കഴിയുന്ന എല്ലാ സ്നേഹിതരോടൊപ്പം അവരുടെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും ടെറന്‍സണ്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍