തറവാട് കുടുംബ കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍
Thursday, March 6, 2014 8:01 AM IST
റിയാദ്: പ്രമുഖ പ്രവാസി മലയാളി സംഘടനയായ തറവാട് കുടുംബ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗങ്ങളുടെ കുടുംബ സംഗമം നടക്കാറുള്ള നസീമിലെ കളിവീട്ടില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൃഷ്ണന്‍ (കാരണവര്‍), ജയപ്രകാശ് (കാര്യദര്‍ശി), പ്രശാന്ത് (ഖജാന്‍ജി), ശ്രീജിത്ത് (കലാ കായിക ദര്‍ശി), അനീഷ് മുഹമ്മദ് (പൊതു സമ്പര്‍ക്ക ദര്‍ശി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

നിലവിലെ കാരണവര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം നിസ്താര്‍ കോയ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. റിയാദിലെ മലയാളി കുടുംബങ്ങളിലെ കുട്ടികളുടേയും സ്ത്രീകളുടേയും സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും തറവാട് മുന്‍പന്തിയിലുണ്ടാകുമെന്ന് നിയുക്ത കാരണവര്‍ കൃഷ്ണന്‍ പറഞ്ഞു. ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുള്‍ അര്‍ഷാദ് യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍