കുവൈറ്റില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, March 5, 2014 4:50 AM IST
കുവൈറ്റ്: ബ്ളെസന്‍ ജോര്‍ജ് സ്മാരക എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് മേയ് 14 മുതല്‍ 17 വരെ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനു ടീമുകളുടെ റജിസ്ട്രേഷന്‍ ആരംഭിക്കും. എട്ടുടീമുകള്‍ക്കാണു പ്രവേശനം നല്‍കുക. സര്‍വകലാശാലാ തലം തൊട്ടു രാജ്യാന്തരനിലവാരത്തില്‍വരെ കളിച്ചിട്ടുള്ള മൂന്നു കളിക്കാരെങ്കിലും ഒരു ടീമില്‍ ഉണ്ടായിരിക്കണമെന്നാണു വ്യവസ്ഥ. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 1001 ദിനാറും രണ്ടാം സ്ഥാനക്കാര്‍ക്ക് 501 ദിനാറും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 251 ദിനാറും പ്രെെസ് മണിയായി നല്‍കും.

കുവൈറ്റ് വോളിബോള്‍ ഫെഡറേഷനുമായി സഹകരിച്ചാകും ഇത്തവണ ടൂര്‍ണമെന്റ്. സ്വദേശി ടീമിന്റെ സാന്നിധ്യവും ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു.

കുവൈറ്റിലെ ഓരോ ഇന്ത്യന്‍ സ്കുളില്‍നിന്നും കായികരംഗത്തു മികവ് പുലര്‍ത്തിയ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ട്രോഫി നല്‍കി ആദരിക്കും. സ്കൂള്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ചാകും കുട്ടികളെ തെരഞ്ഞെടുക്കുക. ദേശീയ സ്കൂള്‍ കായികമേളയിലും ഏഷ്യന്‍ ഗെയിംസിലും കൂടുതല്‍ സ്വര്‍ണം നേടിയ പി.യു. ചിത്ര, വി.വി. ജിഷ എന്നിവരെ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്. ബ്ളസന്‍ ജോര്‍ജ് ഫൌണ്േടഷന്‍ ഇന്റര്‍നാഷണലിന്റെ നടത്തിപ്പിനായി 50 അംഗ ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ചെയര്‍മാന്‍ ഉമ്മന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ സാം ജോര്‍ജ്, ജനറല്‍ സെക്രട്ടറി ബെന്നി പത്തനംതിട്ട, ട്രഷറര്‍ സാമുവല്‍ കുട്ടി, ഇവന്റ് കണ്‍വീനര്‍ ചെസില്‍ രാമപുരം, മീഡിയ ആന്‍ഡ് പബ്ളിസിറ്റി കണ്‍വീനര്‍ രാജു സക്കറിയ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബാബുജി ബത്തേരി, രഘുനാഥന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍