ഗള്‍ഫ് മാര്‍ട്ട് കേഫാക്ക് ഫുട്ബോള്‍ ലീഗ്: പോരാട്ടം മുറുകുന്നു
Wednesday, March 5, 2014 4:48 AM IST
കുവൈറ്റ്: ഫഹാഹീല്‍ പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗള്‍ഫ് മാര്‍ട്ട് കേഫാക്ക് ഫുട്ബോള്‍ ലീഗ് മാച്ചിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യയെ സോക്കര്‍ കേരള തൂത്തുവാരി.

കളിയുടെ സമസ്ത മേഖലയിലും ആധിപത്യം സ്ഥാപിച്ച സോക്കര്‍ കേരള മനോഹരമായ കളിയാണ് കാണികള്‍ക്ക് കാഴ്ചവച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ വേട്ടക്ക് തുടക്കംകുറിച്ച സോക്കര്‍ കേരളക്കുവേണ്ടി നൌഫല്‍, ഷെഹിന്‍, സാജന്‍, ഷിബു എന്നിവര്‍ ലക്ഷ്യം കണ്ടു. കളിയിലെ കേമനായി സോക്കര്‍ കേരളയുടെ താരം നൌഫലിനെ തെരഞ്ഞടുത്തു.

രണ്ടാം മത്സരത്തില്‍ ലീഗിലെ മിന്നുന്ന വിജയവുമായി മലപ്പുറം ബ്രദേഴ്സ് സില്‍വര്‍ സ്റാര്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് മലപ്പുറം ബ്രദേഴ്സ് വിജയിച്ചത്. കളിയുടെ തുടക്കത്തില്‍ സില്‍വര്‍സ്റാര്‍ പൊരുതി നോക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ മലപ്പുറം ബ്രദേഴ്സ് നേടിയ തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ കളിയില്‍ നിര്‍ണായകമാവുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി മുനീര്‍ മൂന്നു ഗോളുകളും ലിനേഷ്, ഷാരോണ്‍, റഹീം എന്നിവര്‍ ഓരോ ഗോളും നേടി. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മലപ്പുറം ബ്രദേഴ്സ് കളിക്കാരന്‍ മുനീറിന് ലഭിച്ചു.

ആവേശകരമായ മുന്നാം മത്സരത്തില്‍ പൊരുതി കളിച്ച കേരള സ്ട്രൈക്കേഴ്സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സിഎഫ്സി സാല്‍മിയ വിജയം ആഘോഷിച്ചു. ബലാബല പോരാട്ടം നടന്ന മത്സരത്തില്‍ നിരവധി തുറന്ന അവസരങ്ങള്‍ കേരള സ്ട്രൈക്കേഴ്സിന് ലഭിച്ചെങ്കിലും ഹിമാലയന്‍ പ്രതിരോധം കെട്ടിപ്പൊക്കിയ സിഎഫ്സി സാല്‍മിയ ഗോളി സാലി വിജയം തടയുകയായിരുന്നു. സിഎഫ്സി സാല്‍മിയക്കുവേണ്ടി അന്‍വര്‍, ആസിഫ് എന്നിവര്‍ ഗോളുകള്‍ നേടി. കളിയുടനീളം ബാറിനു കീഴില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സിഎഫ്സി സാല്‍മിയ ഗോളി സാലിയാണ് മാന്‍ ഓഫ് ദി മാച്ച് പട്ടത്തിന് അര്‍ഹനായത്.

മിഷിറഫ് സ്റ്റേഡിയത്തില്‍ നടന്ന മറ്റു മത്സരങ്ങളില്‍ ബിഗ് ബോയ്സ് ഏകപക്ഷീയമായ ഒരു ഗോളിന് സ്പാര്‍ക്സ് എഫ്സിയേയും മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്റാര്‍ലൈന്‍ വാരിയേഴ്സ് സിയസ്കോ കുവൈറ്റിനെയും മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് എഫ്സിയെ ഫഹാഹീല്‍ ബ്രദേഴ്സും തോല്‍പ്പിച്ചു.

വാശിയേറിയ പോരട്ടങ്ങള്‍ കണ്ട ഗ്രൂപ്പ് മാച്ചില്‍ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്. മനോഹരമായ പാസുകളും കൃത്യതയാര്‍ന്ന ക്രോസുമായി ടീമുകള്‍ കളിയുടെ മനോഹാരിത പുറത്തെടുത്തപ്പോള്‍ ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്നായി. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍