കൃഷിഗ്രൂപ്പ് 'കൃഷി കൂട്ടായ്മ' സംഘടിപ്പിച്ചു
Tuesday, March 4, 2014 4:56 AM IST
കുവൈറ്റ് സിറ്റി: ഫേസ്ബുക്കിലെ കൃഷി കൂട്ടായ്മ ആയ കൃഷിഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ക്ളാസും ചര്‍ച്ചയും കുവൈറ്റില്‍ സംഘടിപ്പിച്ചു. പ്രവാസികളില്‍ കൃഷിസ്നേഹം വളര്‍ത്താന്‍ സാധ്യമായതൊക്കെ ചെയ്യാന്‍ ഗ്രൂപ്പ് പ്രതിജ്ഞാ ബദ്ധമാണെന്ന് സംഗമത്തിനു നേതൃത്വം നല്‍കിയ നവാസ് ഷംസുദ്ദീന്‍ പറഞ്ഞു.

ക്ഷീര മേഖലയും പ്രശ്നങ്ങളും എന്ന വിഷയത്തില്‍ ജോമി ഏബ്രഹാം, കുവൈറ്റിലെ കൃഷി എന്ന വിഷയത്തില്‍ ശിവ മാന്നാര്‍, നാട്ടിലെ അനുഭവങ്ങളെ കുറിച്ചും കൃഷി രീതികളെ കുറിച്ചും ശ്രീരംഗനും പക്ഷി വളര്‍ത്തലിനെ പറ്റി ബീനാ മേരി ജോര്‍ജ് എന്നിവര്‍ ക്ളാസുകള്‍ എടുത്തു. അംഗങ്ങളുടെ സംശയനിവാരണ സെഷനും വളരെ സജീവമായിരുന്നു. സാല്‍മിയയില്‍ നടന്ന സംഗമത്തില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുകയും കൃഷി ഗ്രൂപ്പിന്റെ റിലീഫ് ഫണ്ട് വഴി അവശത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായം ചെയ്യാന്‍ ധാരണ ഉണ്ടാക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ വീടുകളിലും ഒരു പച്ചക്കറി തോട്ടം എന്ന സ്വപ്നം പൂവണിയിക്കാനായി കൃഷി ഗ്രൂപ്പ് നടത്തി വരുന്ന സൌജന്യ വിത്ത് വിതരണത്തെ ചടങ്ങില്‍ ശ്ളാഘിച്ചു.