സാരഥി കുവൈറ്റ് ശിവഗിരിയില്‍ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് മംഗല്യമൊരുക്കി
Tuesday, March 4, 2014 4:54 AM IST
കുവൈറ്റ്: സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധിഭവനുമായി ചേര്‍ന്ന് അഞ്ച് നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ശിവഗിരിയില്‍ മംഗല്യമൊരുക്കി. ഫെബ്രുവരി 28 ന് (വെള്ളി) 12 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ വധുവരന്മാര്‍ ശിവഗിരി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരനന്ദ, സ്വാമി സൂഷ്മാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വരണമാല്യം ചാര്‍ത്തി.

സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന സമ്മേളനം വര്‍ക്കല കഹാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ചലചിത്ര നടന്‍ കൊല്ലം തുളസി, കേരളാ കൌമുദി സീനിയര്‍ സബ് എഡിറ്റര്‍ സജീവ് കൃഷ്ണന്‍, എസ്എന്‍ഡിപി യോഗം ചിറയിന്‍കീഴ് പ്രസിഡന്റ് വിഷ്ണുഭക്തന്‍, എസ്എന്‍ഡിപി യോഗം ആറ്റിങ്ങല്‍ പ്രസിഡന്റ് ഗോകുല്‍ദാസ്, ഡോ. അടൂര്‍ രാജന്‍, ഡോ. ഗോകുലം ഗോപകുമാര്‍, സാരത്തി ട്രഷറര്‍ സതീശന്‍, സാരഥി ട്രസ്റ് ജോ.സെക്രട്ടറി ഡി. രവി, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. സാരഥി ജനറല്‍ സെക്രട്ടറി വിനീഷ് വിശ്വംഭരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുഗുണന്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്