ഫൊക്കാനാ സ്പെല്ലിംഗ് ബിയുടെ രാജപാതയിലേക്ക് ഫിലാഡല്‍ഫിയയിലെ ചുണക്കുട്ടികള്‍
Tuesday, March 4, 2014 3:33 AM IST
ഫിലാഡല്‍ഫിയ: ഫൊക്കാന യൂത്ത് ഗാലയോടനുബന്ധിച്ച് പെന്‍സില്‍വേനിയ റീജിയണല്‍ സ്പെല്ലിംഗ് ബീ മത്സരം 'പമ്പ' മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചു. ഈ റീജിയണിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മാര്‍ച്ച് ഒന്നിന് ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി തയാറാക്കപ്പെട്ട മാര്‍ മക്കാറിയോസ് മെട്രോപ്പോളിറ്റന്‍ നഗറിലാണ് മത്സരം അരങ്ങേറിയത്.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച ഈ മത്സരത്തില്‍ വാശിയേറിയ നിരവധി റൌണ്ടുകള്‍ക്കുശേഷം ദിയ ദീപു ചെറിയാന്‍ റീജിയണല്‍ ചാമ്പ്യനും, റൂബന്‍ ജേക്കബ് ജോര്‍ജ് ഫസ്റ് റണ്ണര്‍ അപ്പും, അനീസ്സു നെല്ലിക്കാല സെക്കന്‍ഡ് റണ്ണര്‍അപ്പുമായി. വിജയികള്‍ക്ക് ഫൊക്കാനാ കിക്കോഫിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. വിജയികള്‍ ജൂലൈയില്‍ ഷിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.

സ്പെല്ലിംഗ് ബീ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ് ഓലിക്കല്‍ മത്സരം ക്രമീകരിച്ചു. പമ്പ പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, ട്രഷറര്‍ ഈപ്പന്‍ മാത്യു ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അലക്സ് തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ മോഡി ജേക്കബ് എന്നിവരോടൊപ്പം മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫൊക്കാനാ നാഷണല്‍ ട്രഷറര്‍ വര്‍ഗീസ് പാലമലയിലും, ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റിന്‍ കരിംകുറ്റിയിലും മത്സരം നിരീക്ഷിക്കുവാന്‍ എത്തിയിരുന്നു. പമ്പ യൂത്ത് പ്രതിനിധികളായ ആഷ്ലി ഓലിക്കല്‍, ചിന്‍സു ഷാജന്‍ എന്നിവര്‍ മോഡറേറ്റര്‍മാരും, ഡോ. ഈപ്പന്‍ ഡാനിയേല്‍, ഷൈനി തൈപ്പറമ്പില്‍ , ഡോ. ജേക്കബ് തോമസ് എന്നിവര്‍ വിധികര്‍ത്താക്കളുമായി.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍