ഫൊക്കാന കണ്‍വന്‍ഷന്‍: രജിസ്ട്രേഷന്‍ കിക്കോഫ് ഒര്‍ലാന്റോയില്‍
Tuesday, March 4, 2014 3:33 AM IST
ഒര്‍ലാന്റോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് മാര്‍ച്ച് 2ന് ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. ഒര്‍ലാന്റോയിലെ മലയാളി അസോസിയേഷന്റെ (ഓര്‍മ) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫൊക്കാന സെന്‍ട്രല്‍ കമ്മറ്റി ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ ഒരു വലിയ വിജയമാക്കാന്‍ ഒര്‍ലാന്റോയിലെ മലയാളി അസോസിയേന്‍ (ഓര്‍മ) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കാലുകള്‍ നഷ്ടപ്പെട്ട ഇരുപതോളം ആളുകള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലുകള്‍ സംഭാവന ചെയ്തതും, ഫൊക്കാനയുീ, അമേരിക്കയിലെ യൂണിവേഴ്സിറ്റിയു0 സഹകരണത്തില്‍ ഇവിടേയ്ക്ക് കുടിയേറിപാര്‍ത്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ ബി.എസ്.സി നേഴ്സിംഗ് പഠിക്കുവാനുള്ള സംവിധാനവും ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ വിശദീകരിച്ചു.

ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയില്‍കൂടിയ സമ്മേളനത്തില്‍ ജേക്കബ് മണിപറമ്പില്‍ (ഫോക്കാന റീജിണല്‍ വൈസ് പ്രസിഡന്റ്), മാത്യു കുര്യന്‍ (മലയാളി അസോസിയേഷന്‍ ഓഫ് താമ്പ. ജോയിന്റ് ട്രഷറര്‍), ജിന്‍സ്മോന്‍ പി. സഖറിയ (അക്ഷരം മാസിക, പബ്ളിഷര്‍) എന്നിവര്‍ പ്രസംഗിച്ചു. വാഹന അപകടത്തില്‍ നിര്യാതനായ ജോബിന്‍ കുര്യാക്കൊസിന്റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന കുടുംബാഗങ്ങളുടെ വേര്‍പാടില്‍ ഫൊക്കാനയും പങ്കുചേരുന്നതായി ഫോക്കാന നാഷണല്‍ കമ്മിറ്റിമെമ്പര്‍ പി.വി.ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം