നാസിര്‍ ഭായിക്ക് 'ടെക്സാസ്' യാത്രയയപ്പു നല്‍കി
Monday, March 3, 2014 8:35 AM IST
കുവൈറ്റ്: നീണ്ട മുപ്പത്തേഴുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ടെക്സാസ് കുവൈറ്റിന്റെ വളരെ വളരെ പ്രിയപ്പെട്ട നാസിര്‍ ഭായ് നാട്ടിലേക്ക്. അബാസിയ ഹൈടൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്ര അയപ്പില്‍ ടെക്സാസ് അംഗങ്ങളോടൊപ്പം കുവൈറ്റ് മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

1977 ല്‍ കുവൈറ്റില്‍ എത്തി ചേര്‍ന്ന് നാസിര്‍ ആറുമാസത്തിനുള്ളില്‍ തന്നെ ടി.കെ.ഹാരിസ്, കെ.വി.ജോണ്‍സണ്‍, ഗോപി, അബ്ദുല്‍ റഹീം എന്നീ സിപിഎം അനുഭാവികളുമായി ചേര്‍ന്ന് കുവൈറ്റ് മലയാളി സമാജത്തിനു രൂപം നല്‍കി സമാജം സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അക്കാലത്തു തന്നെ കുവൈറ്റ് മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ രാജന്‍ ഡാനിയല്‍, ഉണ്ണി മേനോന്‍ തുടങ്ങിയവര്‍ സമാജത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. സമാജം കുവൈറ്റില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് സമര പ്രഖ്യാപനം നടത്തി. നിരന്തരമായ സമ്മര്‍ധങ്ങളുടെ ഫലമായി കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് അനുവദിച്ചു. തുടര്‍ന്ന് സമാജം പ്രാവസികളുടെ മറ്റൊരു മുഖ്യ ആവശ്യമായ പ്രാവാസി വോട്ടിനു വേണ്ടി ആവശ്യമുന്നയിച്ചു കൊണ്ടുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കി ദൌര്‍ഭാഗ്യവശാല്‍ സമാജം ജാതിമതവും വ്യക്തിഗതമായ കാരണങ്ങളാലും പിളര്‍പ്പിലേക്ക് നീങ്ങി. തുടര്‍ന്ന് സിപിഎം അനുഭാവി ഗ്രൂപ്പ് സമാജത്തെ ബഹിഷ്കരിച്ച് പുരോഗമന കലാ സംഘടനക്ക് രൂപം നല്‍കി ഈ സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറി ആയിരുന്ന നാസിര്‍ ഭായ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം സംഘടനയില്‍ രാജിവച്ചു. തുടര്‍ന്ന് കുവൈറ്റ് മലയാളി സമൂഹത്തിലെ രാഷ്ട്രീയ സാഹിത്യ വ്യക്തിത്വങ്ങളായ കരുണാകരന്‍, ബാബൂ തുമ്പമണ്‍, ടി.കെ.ഹാരിസ്, ഒ.കെ.സുദേഷ്, ഹരി ഗോവിന്ദ്, സ്റീഫന്‍, ഉണ്ണി എന്നി വരുമായി ചേര്‍ന്നു സംവാദ വേദികള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

1994 ല്‍ നാസിര്‍ ഭായ് ഒരു മേജര്‍ ശസ്ത്രക്രീയക്ക് വിധേയനാകുകയും തുടര്‍ന്ന് എല്ലാവിധ സജീവ പ്രവര്‍ത്തങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. 2007ല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ക്ക് വിധേയമായി തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന രൂപം നല്‍കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കികൊണ്ട് സംഘടനയില്‍ നേതൃത്വപരമായ പങ്കു വഹിച്ചു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി നാസിര്‍ ഭായ് അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്