സ്റുഡന്‍സ് ഫെസ്റ് 2014 ന്റെ ഒരുക്കങ്ങളുമായി പ്രവാസി സംഘടനകള്‍ ഒത്തു ചേര്‍ന്നു
Monday, March 3, 2014 8:15 AM IST
ദമാം: ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ പൊതുവേദിയായ എഫ്ഒഐഒവിന്റെ (ഫോയോ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്റുഡന്‍സ് ഫെസ്റ് 2014' വന്‍ വിജയമാക്കാന്‍ ദമാം സഫ ആശുപത്രിയില്‍ ചേര്‍ന്ന മലയാളി പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.

സോള്‍ ഓഫ് ഇന്ത്യയുടേയും ഈസ്റേണ്‍ ചാനല്‍ കമ്പനിയുടേയും സഹായത്തോടെ ഏപ്രില്‍ 17 മുതല്‍ 26 വരെയുള്ള തീയതികളിലാണ് കുട്ടികളുടെ കലാമാമാങ്കം അരങ്ങേറുക. പ്രായത്തിന്റേയും പഠിക്കുന്ന ക്ളാസിന്റേയും അടിസ്ഥാനത്തില്‍ കിഡ്സ് (പ്രികെജി, എല്‍കെജി, യുകെജി), സബ്ജൂണിയര്‍ (ക്ളാസ് ഒന്നു മുതല്‍ അഞ്ചുവരെ), ജൂണിയര്‍ (ക്ളാസ് ആറു മുതല്‍ എട്ടുവരെ), സീനിയര്‍ (ക്ളാസ് ഒമ്പതു മുതല്‍ 12 വരെ) വിഭാഗങ്ങളായി മുപ്പതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഒരു മത്സരയിനത്തിനും റജിസ്ട്രേഷനുമായി നല്‍കേണ്ടത് 20 റിയാലാണ്. തുടര്‍ന്ന് പങ്കെടുക്കുന്ന ഓരോയിനത്തിനും 10 റിയാല്‍ വീതം നല്‍കണം. സ്റേജ് സ്റേജിതര മത്സരങ്ങളിലായി ഒരു കുട്ടിക്ക് പങ്കടുക്കാവുന്നത് അഞ്ച് ഇനങ്ങളിലാണ്. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് പുരസ്കാരം നല്‍കും. എല്ലാ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കലോത്സവത്തിന്റെ വിജയത്തിനായി രൂപം കൊടുത്ത ഇരുപതോളം സബ് കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംഘാടക സമിതി രക്ഷാധികാരി കെ.ആര്‍. അജിത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഏബ്രഹാം വലിയകാല പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ കുഞ്ഞി മുഹമ്മദ് കടവനാട്, അമീര്‍ അലി കൊയിലാണ്ടി (കെഎംസിസി), ഷാജി മതിലകം, ജമാല്‍ വില്യാപ്പിള്ളി (നവയുഗം), രമേശ് പാലക്കാട്, ജഗിമോന്‍ ജോസഫ് (ഒഐസിസി), റഷീദ് (തനിമ), നമീര്‍ ചെറുവാടി (ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം), ആന്റണി (എടത്വ അസോസിയേഷന്‍), ഷെറഫുദ്ദീന്‍ (തലശേരി), റഹ്മാന്‍ കരയാട് (വടകര എന്‍ആര്‍ഐ), ഷംസുദ്ദീന്‍ (പരപ്പനങ്ങാടി), ബിനു കോട്ടയം (ജിയ), ഷബീര്‍ ചാത്തമംഗലം (ഗള്‍ഫ് മാധ്യമം), അലി (തേജസ്) തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ പ്രിജി കൊല്ലം സ്വാഗതവും ജവഹര്‍ പാലുവായ് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് വിനയ കുമാര്‍, രവീന്ദ്രന്‍, ആദില്‍, നൌഷാദ്, അബ്ദു, ഗണേശ്, നാരായണന്‍കുട്ടി, മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ നായര്‍, അശ്വന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം