യൂത്ത് ഇന്ത്യ കുവൈറ്റ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, March 3, 2014 8:14 AM IST
കുവൈറ്റ് സിറ്റി: അങ്കാറ ബാച്ചിലര്‍ സിറ്റിയില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് തൊഴിലാളികള്‍ക്ക് ആശ്വാസമായി. ജോലി തെരക്കുമൂലം മതിയായ വൈദ്യപരിശോധന അപ്രാപ്യമായ ലേബര്‍ ക്യാമ്പുകളിലെ അഞ്ഞൂറിലധികം തൊഴിലാളികള്‍ക്കാണ് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പിലൂടെ വൈദ്യസഹായം ലഭ്യമായത്.

അല്‍റഹ്മ മെഡിക്കല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ക്കുപുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും, ബംഗ്ളാദേശ്, ശ്രീലങ്ക, ഈജിപ്ത്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെയും തൊളിലാളികള്‍ വൈദ്യപരിശോധനക്കെത്തി.

കുവൈറ്റിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരായ ജോസഫ് ജോണ്‍, അംലാന്‍ ഭട്ടാചാര്യ, ജെയിംസ്, സാജിദ്, എബി മാത്യു, രാജേഷ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

ബ്ളഡ്ഷുഗര്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ ടെസ്റുകളും സൌജന്യമായി മരുന്നു വിതരണവും ക്യാമ്പില്‍ നടന്നു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സി.കെ നജീബ്, ജനറല്‍ സെക്രട്ടറി പി.ടി ഷാഫി, അല്‍

റഹ്മ ഡയറക്ടര്‍ ഡോ. സ്വലാഹ് മാലല്ല, കണ്‍വീനര്‍ നിസാര്‍ റഷീദ് എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്