നാടകോത്സവത്തിന് തിരശീല വീണു
Monday, March 3, 2014 5:18 AM IST
കുവൈറ്റ് സിറ്റി: രണ്ട് രാത്രികള്‍ നീണ്ടുനിന്ന നാടകോത്സവത്തിന് തിരശീല വീണു. ജീവതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുവാന്‍ പ്രവാസത്തിന്റെ ചൂളയിലേക്ക് എറിയപ്പെട്ട പ്രവാസി കലാകാരന്മാര്‍ക്ക് തങ്ങളുടെ അഭിരുചികള്‍ മാറ്റുരയ്ക്കുവാന്‍ കേരള സാഹിത്യ അക്കാഡമി കുവൈറ്റ് ചാപ്റ്റര്‍ ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തിയ നാടകമത്സരങ്ങള്‍ നവ്യാനുഭവമായി. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ സ്കൂളില്‍ രണ്ട് രാത്രികളിലായി അഞ്ച് നാടകങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. ആധുനികതയുടെ കടന്നുകയറ്റത്തില്‍ എങ്ങോ മറന്നുപോയ നാടകകലയ്ക്ക് പുതുജീവന്‍ നല്‍കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. അരങ്ങത്തും അണിയറയിലും പ്രവാസികള്‍ മാത്രം നിറഞ്ഞുനിന്ന നാടകോത്സവത്തില്‍ ഡോ. പി.വി കൃഷ്ണന്‍ നായര്‍, ടി.എം ഏബ്രഹാം, മീനംബലം സന്തോഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ശ്രദ്ധേയമായ ആഖ്യാനം കൊണ്ടും അവതരണങ്ങള്‍ കൊണ്ടും വേദിയില്‍ അവതരിക്കപ്പെട്ട നാടകങ്ങള്‍ സദസിന്റെ കൈയടികള്‍ വാരികൂട്ടി.

ആദ്യദിനം കല്‍പക് കുവൈറ്റിന്റെ ബാനറില്‍ 'അമ്മേ മാപ്പ്'എന്ന നാടകവും സ്ത്രീകളെ മാത്രം അണിനിരത്തി 'നിര്‍ഭയ കുവൈറ്റ്' ഒരുക്കിയ 'പശു' എന്ന നാടകവും രണ്ടാം ദിനം തനിമ കുവൈറ്റ് അവതരിപ്പിച്ച 'ഒരു കൊട്ടുകാരനും കുറെ തുള്ളല്‍ക്കാരും' കല കുവൈറ്റിന്റെ 'രണ്ടാം ഭാവം', കുവൈറ്റ് ഫ്യൂച്ചര്‍ ഐ തിയേറ്ററിന്റെ 'ഉഷ്ണ മേഖലയിലെ പെണ്‍കുട്ടി' എന്ന നാടകങ്ങളുമാണ് വേദിയില്‍ അരങ്ങേറിയത്.

കെഎസ്എന്‍എ കുവൈറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ വിജയന്‍ കാരായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നാടക മല്‍സരങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ നിര്‍വഹിച്ചു. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാന്‍ ടി.എം.ഏബ്രഹാം, സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍ നായര്‍, പ്രമുഖ നാടക നടന്‍ മീനമ്പാടം സന്തോഷ്, സിനിമാ താരം വല്‍സല മേനോന്‍, തോമസ് മാത്യു കടവില്‍, വര്‍ഗീസ് പുതുക്കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. അതിഥികളെ പ്രോഗ്രാം കണ്‍വീനര്‍ ബി.എസ്. പിള്ള പരിചയപ്പെടുത്തി. രാജ് ശേഖറും കെ.എന്‍.എസ്.ദാസും ചേര്‍ന്ന് കേളി 2014 സുവനീര്‍ പ്രകാശനം ചെയ്തു. അഡ്ഹോക് കമ്മിറ്റി അംഗമായ സുനില്‍ പി. ആന്റണി, ബാബുജി ബത്തേരി, ഷൈമീജ് കുമാര്‍, ജോര്‍ജ് എന്നിവര്‍ വിശിഷ്ട വ്യക്തികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. കുവൈറ്റ് ചാപ്റ്റര്‍ സെക്രട്ടറി സജീവ് കെ. പീറ്റര്‍ സ്വഗതവും ജോണി കുന്നില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍