മക്ക മെട്രോ ടിക്കറ്റ് ചാര്‍ജ് നാല് റിയാല്‍
Monday, March 3, 2014 5:17 AM IST
മക്ക: മക്ക മെട്രോ ടിക്കറ്റ് ചാര്‍ജ് നാല് റിയാല്‍ ആയിരിക്കുമെന്ന് മക്ക പൊതുഗതാഗത വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സാദുല്‍ ഖാദി വ്യക്തമാക്കി. 2019 ആദ്യ പാദത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാവുക. ഇതിന്റെ ആറുമാസംമുമ്പ് പരീക്ഷണ ഓട്ടം തുടങ്ങും. കഴിഞ്ഞ നവംബറിലാണ് പദ്ധതി ഏറ്റെടുക്കുന്നതിന് കമ്പനികളെ ക്ഷണിച്ചത്. 15 കണ്‍സോര്‍ഷ്യത്തിന്റെ അപേക്ഷകള്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച് പ്രോജക്ട് സമിതി അടുത്താഴ്ച പ്രത്യേക യോഗം ചേരുന്നുണ്ട്. പദ്ധതിയുടെ 70 ശതമാനം സിവില്‍ ജോലികളും 30 ശതമാനം മറ്റു പ്രവൃത്തികളുമാണ്.

റെയില്‍വേ സ്റ്റേഷനുകളുടെ യഥാര്‍ഥ സ്ഥാനങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ല. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ തൊട്ടടുത്തുള്ള സ്ഥലങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നതിനാലാണിത്. സ്റ്റേഷനുകളെ സംബന്ധിച്ച വിവരത്തിന് ഒരു ദിവസം പത്ത് കോളുകളെങ്കിലും ഞാന്‍ റിയല്‍ എസ്റ്റേറ്റുകാരില്‍ നിന്ന് സ്വീകരിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 30 ശതമാനത്തിലധികം വില വര്‍ധനക്ക് സാധ്യതയുണ്ട്. മക്കയില്‍ നടപ്പാക്കേണ്ട ഗതാഗത സംവിധാനത്തെകുറിച്ച് നേരത്തെ ഒരു കമ്പനി തയാറാക്കിയ പഠന റിപ്പോര്‍ട്ടും റിയാദിലെ വികസന മാതൃകയുമാണ് മക്ക മെട്രോക്ക് സഹായകമായത്.

മക്കയിലെ പൊതുഗതാഗത്തെ കുറിച്ചുള്ള പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ നീളവും റൂട്ടുകളും സ്റ്റേഷനുകളും നിര്‍ണയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍