കുവൈറ്റ് മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം നടത്തി
Monday, March 3, 2014 5:13 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 25-നു രാവിലെ ഒമ്പതു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. 'ഗിദയോന്റെ ഉടഞ്ഞ മണ്‍കുടങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര മുഖ്യപ്രസംഗം നടത്തി.

ഇസ്രായേല്യര്‍ ഗിദയോന്റെ നേതൃത്വത്തില്‍ മിദ്യാന്യരെ തോല്‍പ്പിക്കാന്‍ ഭരണിക്കുള്ളില്‍ പന്തവും കാഹളവുമായി ചെന്ന് ഭരണി ഉടച്ച് പന്തം പുറത്തെടുത്ത് കാഹളമൂതിയപ്പോള്‍ ശത്രു പരാജയപ്പെട്ടു. ഓരോ സ്ത്രീയും വിളക്കാണ്. അവളിലെ വിളക്ക് കെട്ടുപോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ദൌത്യമാണ്. ഹൌവയുടെ മനസിലെ വിളക്ക് പിശാച് പ്രലോഭനത്തിലൂടെ ഊതിക്കെടുത്തി. ആണും പെണ്ണുമായുള്ള മൂല്യാധിഷ്ഠിത സഹവര്‍ത്തിത്തമാണ് സ്ത്രീവിമോചനത്തിന്റെ ആധാരം. സ്ത്രീത്വത്തിന്റെ ശ്രേഷ്ഠഭാവമാണ് മാതൃത്വം. പുതിയ തലമുറയെ ഏറ്റവും സ്വാധീനിക്കാന്‍ കഴിയുന്ന ഭാവമാണിത്. സ്ത്രീശരീരം കച്ചവടചരക്കാകുന്ന യുഗത്തില്‍ ശരീരമാകുന്ന മണ്‍കുടത്തേക്കാള്‍ ആത്മാവാകുന്ന പന്തം ജ്വലിക്കുന്നിടത്താണ് സ്ത്രീത്വത്തിന്റെ സ്വാതന്ത്യ്രം സാധ്യമാകുന്നത്. സ്ത്രീസുരക്ഷ ഉല്‍ഭവിക്കുന്നത് അവളുടെ ഇശ്ചാശക്തിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മലങ്കരസഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ ഓണ്‍ലൈനിലൂടെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു.

കോട്ടയം ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഡോ. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനി രൂപകല്പ്പന ചെയ്ത കൊന്തയും നമസ്ക്കാരവും പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്തു. മഹാഇടവക വികാരിയും സമാജം പ്രസിഡന്റുമായ റവ. ഫാ. റെജി സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍, സമാജം വൈസ് പ്രസിഡന്റ് ഡോ. സാറാ ഷെര്‍ളി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സൂസന്‍ ജോണ്‍ നന്ദിയും പറഞ്ഞു. റവ. ഫാ. കുര്യന്‍ ജോണ്‍, റവ. ഫാ. സജു ഫിലിപ്പ്, റവ. ഫാ. ഷൈജു ടി. മത്തായി, മര്‍ത്തമറിയം സമാജം മുന്‍ കേന്ദ്ര സെക്രട്ടറി അക്കാമ്മ പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മര്‍ത്തമറിയം സമാജം കേന്ദ്രപരീക്ഷയില്‍ സീനിയര്‍ വിഭാഗത്തില്‍ കുവൈറ്റ് മഹാഇടവകയില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സാറാമ്മ ചെറിയാന്‍, സൂസന്‍ ജോണ്‍, മോളിക്കുട്ടി ബാബു, സൂപ്പര്‍സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാലിക്കുട്ടി ജോര്‍ജ് എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു. കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്സ് ഇടവകകളില്‍ നിന്നുള്ള വനിതാ സമാജ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്