കെഎച്ച്എന്‍എ ഫ്ളോറിഡ പ്രാദേശിക ഹിന്ദു സംഗമം മാര്‍ച്ച് 29-ന് താമ്പായില്‍
Monday, March 3, 2014 5:04 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ചഎന്‍എ) ഫ്ളോറിഡ പ്രാദേശിക ഹിന്ദു സംഗമം താമ്പായിലുള്ള ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് മാര്‍ച്ച് 29-ന് ശനിയാഴ്ച നടത്തും.

അസോസിയേഷന്‍ ഓഫ് താമ്പാ ഹിന്ദു മലയാളി (ആത്മ) ആതിഥേയത്വം വഹിക്കുന്ന ഈ സംഗമത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് ഫ്ളോറിഡയും (കെഎച്ച്എസ്എഫ്), ഓര്‍ലാന്റോ ഹിന്ദു മലയാളിയും (ഒഎച്ച്എം) പങ്കാളികളാണ്. ഈ മൂന്നു സംഘടനകളും ഒത്തൊരുമിച്ച് സംഘടിപ്പിക്കുന്ന ഈ ഹിന്ദു സംഗമം ഫ്ളോറിഡയിലും പരിസര പ്രദേശത്തുമുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയവിനിമയം നടത്തുവാനുമുള്ള വേദിയാകുമെന്നതില്‍ സംശയമില്ല.

മാര്‍ച്ച് 29-ന് രാവിലെ മുതല്‍ രാത്രിവരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ യൂത്ത് സെമിനാര്‍, വിമന്‍സ് ഫോറം, ആദ്ധ്യാത്മിക പ്രഭാഷണം, വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പ്രയോജനപ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്. ഈ പ്രാദേശിക ഹിന്ദു സംഗമത്തിന്റെ ഭാഗമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി പ്രസിഡന്റ് ടി.എന്‍ നായരും, സെക്രട്ടറി ഗണേഷ് നായരും അറിയിച്ചു.

ഫ്ളോറിഡയിലുള്ള എല്ലാ ഹിന്ദുക്കളും കുടുംബസമേതം ഈ സംഗമത്തില്‍ പങ്കുചേര്‍ന്ന് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഈ സുവര്‍ണ്ണാവസരം ഹിന്ദുമഹാ ഐക്യം ശക്തിപ്പെടുത്തുവാനുള്ള വേദിയായും അതുപോലെ നമ്മുടെ ഹിന്ദു സംസ്കാരം നിലനിര്‍ത്തുവാനുള്ള കൂട്ടായ്മയായും കണ്ടുകൊണ്ട് ഏവരും ഇതില്‍ പങ്കുചേരണമെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇതില്‍ പങ്കുചേരുവാനും ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), പ്രദീപ് കുമാര്‍ (201 742 2065), സുജിത് അച്യുതന്‍ (813 425 4388) എന്നിവരുമായി ബന്ധപ്പെടുക. പി.ആര്‍.ഒ സതീശന്‍ നായര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം